സഹപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറി; തന്നിഷ്ടക്കാരനായ സി.ഐക്ക് സസ്‌പെന്‍ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing സഹപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറി; തന്നിഷ്ടക്കാരനായ സി.ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് പോലീസ് ടെലി-കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍, ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്യുന്ന സി.എന്‍ മോഹനനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇദ്ദേഹം കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ അധികമായി കാസര്‍കോട് ജോലി ചെയ്തു വരികയായിരുന്നു.

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം നെഗറ്റീവ് ആയി ജോലിക്ക് തിരിച്ചെത്തിയ കീഴ് ജീവനക്കാരെ കുടുസ്സ് മുറിയില്‍ ഇരുത്തി മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെയും, ടെലി- കമ്യൂണിക്കേഷന്‍ പോലീസ് മേധാവിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ ഇദ്ദേഹത്ത എ.ഡി.ജി.പി മനോജ്‌ എബ്രഹാമാണ് സസ്പെന്‍ഡ് ചെയ്തത്. അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ, നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായി ഇതിന് മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

ഈ സി.ഐക്കെതിരെ മറ്റ് ചില പരാതികളിൽ ഇയാളുടെ ബാച്ചിലെ ഉദ്യോഗസ്ഥരും സുഹൃത്തുക്കളായ ഡി.വൈ.എസ്.പിമാരും ആയിരുന്നു അന്വേഷണം നടത്തിയിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ അന്വേഷണത്തിൽ പോലീസുകാര്‍ക്ക് ആശങ്ക ഉള്ളതിനാൽ അന്വേണ ഉദ്യോഗസ്ഥനെ മാറ്റണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കൂടാതെ ഇയാൾ 2018 ജൂലൈ മുതൽ എല്ലാമാസവും കൃത്യമായി ഹൗസ് റെന്റ് അലവെൻസ് വാങ്ങി സർക്കാർ വക ഡോർമെട്രിയിൽ അനധികൃതമായിട്ട് താമസിച്ചിരുന്നതും അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതേസമയം കീഴ്ജീവനക്കാർക്കെതിരെ ഇയാൾ നിരവധി ഉപദ്രവങ്ങൾ നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി, കേരള വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പലപ്പോഴായി നൽകിയ പരാതികൾ അന്വേഷണ ഘട്ടത്തിൽ ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നതായും ആരോപണമുണ്ട്.

0Shares