
പാലക്കാട് / കോട്ടയം: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രാഥമിക വിവരം. ബസ് അമിതവേഗതയിലാണ് പോയതെന്നും, ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സാരമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടികള്‍ സൂചിപ്പിച്ചു. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവറും പറഞ്ഞു.
അപകടത്തില്‍ അഞ്ചു കുട്ടികളും അധ്യാപകനും കെഎസ്‌ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബസ്സ് ബ്ലാക് ലിസ്റ്റിലുള്ളതാണ്. ഈ ബസിനെതിരെ നേരത്തെ അഞ്ചു കേസുകളുണ്ടെന്ന് ആർ.ടി.ഒ അധികൃതർ പറഞ്ഞു.

വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്‌ആര്‍ടിസി ബസിൻ്റെ പിന്നിലേക്ക് പാഞ്ഞുകയറിയത്. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.
രണ്ടുമണിക്കൂര്‍ വൈകിയാണ് ബസ് സ്‌കൂളില്‍ നിന്നും യാത്ര പുറപ്പെട്ടതെന്ന് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. അഞ്ചുമണിയ്ക്ക് പോകുമെന്ന് പറഞ്ഞ ബസ് സ്‌കൂളില്‍ എത്തിയത് രണ്ടുമണിക്കൂര്‍ വൈകിയാണ്. ശ്രദ്ധിച്ചുപോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നതായും അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മ പറഞ്ഞു.

വേളാങ്കണ്ണി ട്രിപ്പിന് ശേഷം ബസ് നേരെ സ്‌കൂളിലേക്ക് വിനോദയാത്ര പോകാനായി എത്തുകയായിരുന്നു. ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും അടക്കം 48 പേരാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത്. കെഎസ്‌ആര്‍ടിസി ബസില്‍ 49 യാത്രക്കാരുണ്ടായിരുന്നു.
കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന് പിന്നില്‍ വലതുവശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ അമിത വേഗത്തില്‍ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിലാണ് ബസില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടത്തില്‍ മരിച്ചവര്‍
പ്ലസ് ടു വിദ്യാര്‍ഥികളായ ഉദയം പേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സന്തോഷിൻ്റെ മകന്‍ സി.എസ്. ഇമ്മാനുവല്‍(17), പത്താംക്ലാസ് വിദ്യാര്‍ഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയില്‍ വീട്ടില്‍ പി.സി. തോമസിൻ്റെ മകന്‍ ക്രിസ് വിൻ്റെര്‍ ബോണ്‍ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തില്‍ രാജേഷ് ഡി.നായരുടെ മകള്‍ ദിയ രാജേഷ്(15), തിരുവാണിയൂര്‍ ചെമ്മനാട് വെമറ്റത്തില്‍ ജോസ് ജോസഫിൻ്റെ മകള്‍ എല്‍ന ജോസ്(15) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരായ തൃശൂര്‍ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22) ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 38പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍, നെന്മാറ എവൈറ്റീസ്, ക്രസന്റ് ആശുപത്രികളിലും ചികിത്സയിലാണ്.
ചികിത്സയിലുള്ളവര്‍
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീണ്‍ വര്‍ഗീസ് (തിരുപ്പൂര്‍), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുള്‍ റൗഫ് (പൊന്നാനി). തൃശ്ശൂരില്‍ ചികിത്സയിലുള്ളവര്‍: ഹരികൃഷ്ണന്‍ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിന്‍ ജോസഫ് (15), ജനീമ (15), അരുണ്‍കുമാര്‍ (38), ബ്ലെസ്സന്‍ (18), എല്‍സില്‍ (18), എല്‍സ (18) തുടങ്ങിയവരാണ്. മന്ത്രിമാരായ കെ രാധാകൃഷ്ണനും എം.ബി രാജേഷും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഉടൻ അന്വേഷിച്ചു റിപ്പോർട് നൽകാൻ ഗതാഗത മന്ത്രി ആൻ്റെണി രാജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
