കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധകൾ; കവുങ്ങ് കൃഷി രോഗ കീട നിയന്ത്രണം വിഷയത്തിൽ ഏകദിന ശിൽപശാല, സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞ ക്ലാസെടുത്തു

You are currently viewing കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധകൾ; കവുങ്ങ് കൃഷി രോഗ കീട നിയന്ത്രണം വിഷയത്തിൽ ഏകദിന ശിൽപശാല, സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞ ക്ലാസെടുത്തു

കുറ്റിക്കോൽ / കാസര്‍കോട്: കവുങ്ങ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധകൾ പെരുകുന്നു. കീടനാശിനി തളിക്കുന്നുണ്ടെങ്കിലും കാലം തെറ്റി പെയ്യുന്ന മഴയില്‍ കീടനാശിനി ഒഴുകിപ്പോകുന്നതിനാല്‍ രോഗബാധ തടയാനാവുന്നില്ല. ഈ പഞ്ചാത്തലത്തിൽ കർഷകർക്ക് കവുങ്ങ് കൃഷി രോഗ കീട നിയന്ത്രണം വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചൊവാഴ്‌ച രാവിലെ നടന്ന ശിൽപശാല പ്രസിഡണ്ട് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്‌തു.

ആത്മ കാസർകോട്, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത്, കുറ്റിക്കോൽ കൃഷി ഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എഴുപതോളം കർഷകർ സംബന്ധിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശോഭനകുമാരി അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അരവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്‌മി, ആലീസ് ജോസ്, പഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷൻ കെ.എൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കുറ്റിക്കോൽ കൃഷി ഓഫിസർ വിനോദിനി.എ സ്വാഗതവും ആത്മയുടെ കാറഡുക്ക ബ്ലോക്ക് ടെക്നോളജി മാനേജർ (ബി.ടി.എം) അഞ്ജന വിജയൻ നന്ദിയും പറഞ്ഞു.

സി.പി.സി.ആർ.ഐ കാസർകോട് പ്ലാന്റ് പാത്തോളജി സൈന്റിസ്റ്റ് ഡോ.ഡാലിയ മോൾ പരിശീലന പരിപാടിയിൽ ക്ലാസെടുത്തു. കവുങ്ങിൻ്റെ സംയോജിത വളപ്രയോഗവും പരിപാലന രീതികളെ കുറിച്ചും കർഷകർക്ക് പറഞ്ഞു കൊടുത്തു. 2018ന് ശേഷം കാലാവസ്ഥാ വ്യതിയാനത്തോടെ കവുങ്ങുകൾക്ക് ഇലകരിച്ചിൽ അഥവാ പുള്ളിക്കുത്ത് രോഗം വ്യാപകമായിട്ടുണ്ട്. ഇതിനെ നിയത്രിക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ കർഷകർക്ക് പറഞ്ഞുകൊടുത്തു.

മഹാളി, കൂമ്പുചീയൽ രോഗങ്ങളെ കുറിച്ചും കീടബാധയെ കുറിച്ചും ശില്പശാലയിൽ പ്രതിപാദിച്ചു.
കാസര്‍കോട് ജില്ലയുടെ ജീവനാഡിയാണ് കവുങ്ങിന്‍ കൃഷി. ജില്ലയില്‍ മാത്രം ഇരുപതിനായിരത്തോളം ഏക്കര്‍ സ്ഥലത്താണ് കവുങ്ങ് കൃഷി ചെയ്യുന്നതെന്നാണ് കണക്കുകൾ. ആകെ കൃഷി ഭൂമിയുടെ മുപ്പത് ശതമാനവും ഇതുതന്നെയാണ്. വലിയ മുടക്കുമുതലിൽ കവുങ്ങിന്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് വിവിധതരം രോഗബാധകൾ ഉണ്ടാക്കുന്നത്.

0Shares