ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിന് ആശ്വാസം; കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം; 36 പേര്‍ രോഗവിമുക്തരായി

  • Post category:local news / news
  • Reading time:1 min read
You are currently viewing ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിന് ആശ്വാസം; കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം; 36 പേര്‍ രോഗവിമുക്തരായി

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിന് ആശ്വാസ വാര്‍ത്ത. ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്.

അതേസമയം, കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍) മലപ്പുറം ജില്ലയിലെ ആറുപേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

0Shares