
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്രം പറയുന്നത് അര്‍ധസത്യങ്ങളെന്ന് മന്ത്രി വി.ശിവൻകുട്ടി. കേന്ദ്രവിഹിതം മുടക്കിയപ്പോഴും സംസ്ഥാനം കൃത്യമായി പണം അടച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ നീക്കം തെറ്റിദ്ധാരണ പരത്താനെന്നും ഉച്ചഭക്ഷണം മുടക്കില്ലെന്നാണ് സര്‍ക്കാരിന്‍റെ നയമെന്നും മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്‍റെ വീഴ്‌ചയെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും (അരി) നടത്തിപ്പ് ചെലവിന്‍റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യല്‍ മാനേജ്‌മെണ്ട് സിസ്റ്റം) നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നതെന്നും മന്ത്രി വാർത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻവര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസവാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചക തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പദ്ധതിയ്ക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ തുക നടപ്പ് വര്‍ഷത്തെ കേന്ദ്ര ബഡ്‌ജറ്റില്‍ വകയിരിത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, സാമ്പത്തിക വര്‍ഷത്തിന്‍റെ പകുതി അവസാനിക്കാർ ആകുമ്പോഴും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ആദ്യ ഗഡു കേന്ദ്രവിഹിതം (60 ശതമാനം തുക) റിലീസ് ചെയ്യുവാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് (156.58 കോടി രൂപ).
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക 447.46 കോടി രൂപയാണ്. 2022-23 വര്‍ഷം മുതല്‍ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്‍റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു.
ഇത് പ്രകാരം നടപ്പ് വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്. ഇത് ലഭിച്ചാല്‍ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുള്‍പ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാൻ സാധിക്കുന്നതും അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ക്ക് സ്‌കൂളുകള്‍ക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും.
മുൻ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊപ്പോസല്‍ ജൂലൈ 4ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പ്രൊപ്പോസല്‍ സമര്‍പ്പിച്ച് രണ്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം അനുവദിക്കുവാൻ കേന്ദ്രസര്‍ക്കാര്‍ തയ്യറായിട്ടില്ല. മറിച്ച്, പ്രൊപ്പോസലിൻമേല്‍ വിചിത്രമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തിട്ടുള്ളത്.
പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യല്‍ മാനേജ്‌മെന്‍റ് സിസ്റ്റം) നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട രണ്ടാം ഗഡു കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. 132.90 കോടി രൂപയായിരുന്നു ഈ വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാം ഗഡു കേന്ദ്രവിഹിതം. നിരവധി തടസവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര ധനകാര്യ വിഭാഗം ഉന്നയിച്ചത്. ഈ തടസ്സവാദങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടികള്‍ നല്‍കിയിട്ടും തുക അനുവദിക്കുവാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഈ തുക കൂടി സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കേണ്ടി വന്നു. തുടര്‍ന്ന്, 2022 ജൂലൈ മാസത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഡല്‍ഹിയില്‍ പോകുകയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സന്ദര്‍ശിച്ച്, കുടിശ്ശിക കേന്ദ്രവിഹിതം അടിയന്തിരമായി റിലീസ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
സംസ്ഥാനം നടത്തിയ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍, 2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ്, അതായത് 2023 മാര്‍ച്ച് 30ന്, 2021-22 വര്‍ഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ 132.90 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ റിലീസ് ചെയ്‌തു. ബന്ധപ്പെട്ട വര്‍ഷം തുക നല്‍കാത്തതിനാലും കേന്ദ്രസര്‍ക്കാരിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തുക ചെലവഴിച്ചത് പരിഗണിച്ചും തിരിച്ചടവ് എന്ന നിലയിലാണ് കുടിശ്ശിക തുക അനുവദിച്ചത്.
ഇക്കാരണത്താല്‍ തന്നെ, തുക താഴെത്തട്ടിലേക്ക് വിതരണം ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് അനുവദിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നാല്‍, ഈ തുകയും അതിൻ്റെ ആനുപാതിക സംസ്ഥാന വിഹിതവും (76.78 കോടി രൂപ) ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് റിലീസ് ചെയ്‌തില്ല എന്ന് ചൂണ്ടിക്കാട്ടി ഇക്കൊല്ലത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപ അനുവദിക്കുവാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.
വളരെ വിചിത്രമായ ഒരു തടസ്സവാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. 2021-22 വര്‍ഷത്തെ അര്‍ഹമായ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭിക്കാതെ വന്ന ഘട്ടത്തില്‍ ഈ തുക സംസ്ഥാനം ചെലവഴിക്കുകയും ആയതിൻ്റെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും അതൊക്കെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്‌തിട്ടുള്ളതാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് 2022-23 വര്‍ഷത്തെ കേന്ദ്രവിഹിതം (292.54 കോടി രൂപ) പൂര്‍ണ്ണമായും സംസ്ഥാനത്തിന് ലഭിച്ചത്.
ഈ സാഹചര്യത്തില്‍, 2022-23 വര്‍ഷം ലഭിച്ച 2021-22 വര്‍ഷത്തെ കുടിശ്ശിക കേന്ദ്രവിഹിതവും അതിൻ്റെ സംസ്ഥാന വിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് റിലീസ് ചെയ്യണമെന്ന് പറയുന്നത് ഒരിക്കല്‍ നടത്തിയ ചെലവ് വീണ്ടുമൊരിക്കല്‍ കൂടി നടത്തണമെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്. തുക റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരാവുന്ന അക്കൗണ്ടിംഗ് സംബന്ധമായ പ്രശ്നങ്ങളും അതിൻ്റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെ, തുക റിലീസ് ചെയ്യണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഈ ദൗര്‍ഭാഗ്യകരമായ നിലപാട് കണക്കിലെടുത്തും പദ്ധതി തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ട് പോകുന്നതിനും അതോടൊപ്പം സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കുന്നതിനുമായി 2021-22 വര്‍ഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായി ലഭിച്ച 132.90 കോടി രൂപയും അതിൻ്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേര്‍ത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് അടിയന്തിരമായി റിലീസ് ചെയ്യുവാൻ ധനകാര്യ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഈ തുക സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ലഭ്യമാക്കി, പി.എഫ്.എം.എസ്സില്‍ അതിൻ്റെ ചെലവ് രേഖപ്പെടുത്തി തുക റിലീസ് ചെയ്‌ത വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുകൊണ്ട് 2023-24 വര്‍ഷത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതം അടിയന്തിരമായി അനുവദിക്കുവാൻ ആവശ്യപ്പെടുന്നതുമാണ്. ഇതൊക്കെ ചെയ്‌തിട്ടും കേന്ദ്രവിഹിതം ലഭ്യമാകുന്നതില്‍ വീണ്ടും കാലതാമസം നേരിടുകയാണെങ്കില്‍, കേന്ദ്രവിഹിതത്തിന് ഇനിയും കാത്ത് നില്‍ക്കാതെ സംസ്ഥാന മാൻഡേറ്ററി വിഹിതമായ 97.89 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തേടും.
ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളെക്കാള്‍ മികച്ച രീതിയില്‍ ആണ് കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാനകാരണം അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും പൊതു സമൂഹത്തിൻ്റെ തന്നെയുമുള്ള പിന്തുണയാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കൈക്കൊള്ളും.
ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്.ഐ.എ.എസിനെ ചുമതലപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
