
കല്‍പറ്റ / വയനാട്: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില്‍ കണ്ട കടുവയെ വനപാലകർ കൂട്ടിലാക്കി. കടുവയ്ക്ക് നേരെ ആറുതവണ മയക്കുവെടിവച്ചതായി ഡി.എഫ്.ഒ പറഞ്ഞു. ശനിയാഴ്‌ച രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. മാനന്തവാടി പുതുശ്ശേരിയിലിറങ്ങിയ കടുവ തന്നെയാണോ ഇത് എന്നതില്‍ സ്ഥിരീകരണമില്ല. മയക്കുവെടി കൊണ്ട കടുവ പൂര്‍ണമായി മയങ്ങിയ ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. കടുവയെ ബത്തേരി കുപ്പാടി വന്യജീവി സങ്കേതത്തിലെത്തിച്ചു.
കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിന്ന് കടുവയെ കണ്ടത്. അതിനാല്‍, ഇത് മറ്റൊരു കടുവ ആയിരിക്കാമെന്ന നിഗമനത്തിലാണ് വനപാലകര്‍. പുതുശ്ശേരിയില്‍ നൂറുകണക്കിന് വനപാലകരുടെയും മയക്കുവെടി വിദഗ്ധരുടെയും നേതൃത്വത്തില്‍ കടുവക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കടുവ ഉള്‍കാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു.

അതിനിടെ, വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിൻ്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ജില്ല കലക്ടര്‍ എ.ഗീത നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. കുടുംബാംഗത്തിന് താല്‍ക്കാലിക ജോലി നല്‍കും. സ്ഥിര ജോലിക്കുള്ള ശുപാര്‍ശ മന്ത്രിസഭക്ക് നല്‍കും. നഷ്ടപരിഹാരമായി 10 ലക്ഷം കുടുംബത്തിന് ഉടന്‍ നല്‍കും. 40 ലക്ഷം കൂടി നല്‍കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. കടുവയെ പിടിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. മരിച്ച തോമസ് എടുത്ത കാര്‍ഷിക വായ്‌പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കി.
ആ കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. ആര്‍.ആര്‍.ടി സംഘത്തിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കടുവ ഉള്‍വനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്‌ച രാവിലെയാണ് തോമസിനെ കടുവ ആക്രമിച്ചത്.
