
കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൻ്റെ പേരിൽ കോടികൾ തട്ടിയ കേസിൽ മുസ്ലീം ലീഗ് സംസ്ഥാന നേതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി, കോൺഗ്രസ് നേതാവ് എം.സി മുഞ്ഞഹമ്മദ് , ലീഗ് നേതാവ് മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. മട്ടന്നൂർ പോലീസിൻ്റെതാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

അബ്ദുൾ റഹ്മാൻ കല്ലായിയെ ഏകദേശം എട്ട് മണിക്കൂറിലധികമാണ് പോലീസ് ചോദ്യം ചെയ്തത്. അബ്ദുൾ റഹ്മാൻ കല്ലായിയും മറ്റ് രണ്ടുപേരും കുറ്റം ചെയ്തതായി പോലീസിന് വ്യക്തമായി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വഖഫ് ബോർഡിൻ്റെ അനുമതി ഇല്ലാതെയായിരുന്നു മസ്ജിദിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ. മൂന്ന് കോടി ചിലവിട്ട് നിർമ്മിച്ച മസ്ജിദിന് 10 കോടി രൂപയായെന്ന് കണക്കിൽ കാണിച്ചായിരുന്നു തട്ടിപ്പ്. ഏഴ് കോടി രൂപയാണ് മൂന്നുപേരും കൂടി തട്ടിയെടുത്തത്.
