
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് പാര്‍ട്ടികള്‍ ഉള്‍പ്പെടെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത് പ്രവര്‍ത്തനം നടത്തുന്നില്ലെന്ന നിഗമത്തിനൊടുവില്. കേരള ജനപക്ഷം, ഭാരതീയ ജനശബ്ദ്, യുണൈറ്റഡ് ഇന്ത്യാ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് കേരളത്തില്‍ രജിസ്ട്രേഷന്‍ നഷ്ടമായ പാര്‍ട്ടികള്‍. ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നില്ലെന്ന നിഗമനത്തില്‍ രാജ്യവ്യാപകമായി 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരുന്നു.

കേരള ജനപക്ഷം ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.രാമന്‍പിള്ള സ്ഥാപിച്ചതാണ്. ഏഴുവര്‍ഷം മുമ്പ് പാര്‍ട്ടി പിരിച്ചുവിട്ട് അദ്ദേഹം ബി.ജെ.പിയിലേക്ക് മടങ്ങിയിരുന്നു. കേരള ജനപക്ഷം (സെക്കുലര്‍) എന്ന പേരില്‍ പി.സി ജോര്‍ജ് മറ്റൊരു പാര്‍ട്ടിയും സ്ഥാപിച്ചു.
രജിസ്‌ട്രേഷന്‍ നിലനിര്‍ത്താന്‍ വിലാസത്തിലെ മാറ്റം കമ്മിഷനെ അറിയിക്കണം. ഇത് അറിയിക്കാത്തത് കാരണം ഈ പാര്‍ട്ടികള്‍ക്ക് കമ്മിഷന്‍ അയക്കുന്ന സന്ദേശങ്ങള്‍ മടങ്ങിവന്നുകൊണ്ടിരുന്നു. ഭാരതീയ ജനശബ്ദ് തിരുവനന്തപുരം വെള്ളനാടും യുണൈറ്റഡ് ഇന്ത്യാ പീപ്പിള്‍സ് പാര്‍ട്ടി കോട്ടയം മൂഴൂരും ആണ് ആസ്ഥാന സ്ഥലപ്പേരുകളായി രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയിരുന്നത്.
