
കാസർകോട്: മഞ്ചേശ്വരം സ്വദേശിയായ പ്രവാസി അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കൂടി പിടിയിലായി. മഞ്ചേശ്വരം, ഉദ്യാവർ, ജെ.എം.റോഡ്, റസീന മൻസിൽ, അഹമ്മദ് ഹസ്സൻ്റെ മകൻ റിയാസ് ഹസ്സൻ (33), ഉപ്പള, ഭഗവതി ടെമ്പിൾ റോഡ്, ന്യൂ റഹ്മത്ത് മൻസിൽ, അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൾ റസാഖ് (46), കുഞ്ചത്തൂർ, ഐ ഗ്ലോറി, നവാസ് മൻസിൽ, കെ.എം യൂസഫിൻ്റെ മകൻ അബൂബക്കർ സിദ്ദിഖ് (33) എന്നിവരാണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.
പ്രത്യേക പോലീസ് സംഘത്തിൻ്റെ വിശ്രമമില്ലാത്ത നിർണായക നീക്കമാണ് മുഖ്യപ്രതികളെ അടക്കം ഒരാഴ്‌ചയ്ക്കുള്ളിൽ കുടുക്കിയത്.

കഴിഞ്ഞ ദിവസം രണ്ടുപേർ അറസ്റ്റിലായിരുന്നു. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. സിദ്ദീഖിൻ്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ ഒരാളാണ് അസീസ്. പ്രതികളെ ഒളിവിൽ പോകാന്‍ സഹായിച്ച ആളാണ് റഹീം. കേസിലെ എല്ലാ പ്രതികളെയും കഴിഞ്ഞ ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നതായും ക്വട്ടേഷൻ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തിരുന്നതായി കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്- ഡി.വൈ.എസ്.പി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി യു.പ്രേമൻ മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, മഞ്ചേശ്വരം എസ്.ഐ അൻസാർ, സുരേന്ദ്ര നായക്, കുമ്പള എസ്.ഐ അനീഷ്, രാമകൃഷ്ണൻ വനിതാ എസ്.ഐ അജിത, എസ്.സി.പി.ഒ ചന്ദ്രശേഖരൻ, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ ഗോകുല സുഭാഷ്, രതീഷ്, കുമ്പള പോലീസ് സ്റ്റേഷനിലെ രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഷജീഷ് ശ്രീരാജ്, എസ്.സി.പി.ഒ ശിവകുമാർ, എ.എസ്.ഐ സഞ്ജീവൻ ട്രാഫിക് യൂണിറ്റ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രവാസി യുവാവ് ക്വട്ടേഷന്‍ സംഘത്തിൻ്റെ തടങ്കലില്‍ ക്രൂരമർദ്ദനം എറ്റാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിൻ്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടുണ്ട്. തലയിലേറ്റ കനത്ത ആഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. സിദ്ദീഖിൻ്റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും ക്രൂരപീഡനത്തിന് ഇരയായി.
“തലകീഴായി മരത്തില്‍ കെട്ടിയിട്ട് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് മുഗു സ്വദേശി അന്‍സാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അന്‍വറിനൊപ്പം അന്‍സാരി ക്വട്ടേഷന്‍ സംഘത്തിൻ്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിൻ്റെ ഒന്നാം നിലയില്‍വെച്ചും ബോളംകളയിലെ കാട്ടില്‍ വെച്ചും തന്നെ സംഘം മര്‍ദിച്ചു”- അന്‍സാരി പറഞ്ഞു.

“പണം എന്തു ചെയ്തെന്ന് ചോദിച്ചായിരുന്നു മർദ്ദനം. അതിനിടയില്‍ സംഘത്തിൻ്റെ നിര്‍ദേശമനുസരിച്ച് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ബോളംകളയിലെ കുന്നിന്‍പുറത്ത് സിദ്ദീഖിനെ മരത്തില്‍ കെട്ടി ഒരുസംഘം മര്‍ദിച്ചു. രാത്രിയായതോടെ പണത്തിൻ്റെ കാര്യത്തില്‍ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അന്‍സാരിയെയും ഒരു വാഹനത്തില്‍ കയറ്റി പൈവളിഗെയില്‍ ഇറക്കി വിടുകയായിരുന്നു. അവിടെ നിന്ന് ഓട്ടോയില്‍ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിയുന്നത്”- അന്‍വര്‍ പറഞ്ഞു.
