
മുംബൈ: 2008ലേതിന് സമാനമായ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശത്തെ ലഘുവായി കാണുന്നില്ലെന്ന് മുംബൈ പോലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. പൗരന്മാരുടെ സുരക്ഷയ്‌ക്കായി പൊലീസ് അനിവാര്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ‘ഓപ്പറേഷന്‍ സാഗര്‍ കവച്’ ശക്തമാക്കുമെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഭന്‍സാല്‍കര്‍ വ്യക്തമാക്കി.

മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടക്കുമെന്ന ഭീഷണി സന്ദേശം പാകിസ്താന്‍ നമ്പറില്‍ നിന്നും വാട്‌സ്ആപ്പ് മുഖേനെയാണ് മുംബൈ ട്രാഫിക് പോലീസിന് ലഭിച്ചത്. ആറുപേര്‍ ആക്രമണത്തിന് സന്നദ്ധരായി എത്തിച്ചേരും എന്നായിരുന്നു സന്ദേശം.
വിഷയം സൂക്ഷ്‌മമായി പരിശോധിച്ചു വരികയാണ്. ഉത്സവ സീസണായതിനാല്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ജനനിബിഡമാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാത്ത രീതിയിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍ എന്നും പോലീസ് അറിയിച്ചു. തീരദേശ മേഖലകളില്‍ പ്രത്യേക ജാഗ്രത ഉണ്ടായിരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
