
സംസഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം വരുത്തി. ഗുരുതര പ്രശ്നങ്ങളില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇനി മുതൽ നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം.

നിലവിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ് ചെയ്യുക. അതേസമയം ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആകുന്നവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ. കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കിടക്കകൾ നിറയാതിരിക്കാൻ ഉപകാരപ്പെടുന്ന ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും. കേരളത്തിൽ തുടർച്ചയായി നിരവധി പേർക്ക് കോവിഡ് പിടിപെട്ടത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
