ആചാരസ്ഥാനികർക്കുള്ള ധനസഹായം; ഒരു വിഭാഗം അവഗണിക്കപ്പെടുന്നതിനെതിരെ തീയ്യക്ഷേമസഭ; പ്രതിഷേധമായി മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി

  • Post category:local news
  • Reading time:2 mins read
You are currently viewing ആചാരസ്ഥാനികർക്കുള്ള ധനസഹായം; ഒരു വിഭാഗം അവഗണിക്കപ്പെടുന്നതിനെതിരെ തീയ്യക്ഷേമസഭ; പ്രതിഷേധമായി മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി

കാസർകോട്: മലബാർ ദേവസ്വം ബോർഡിൽ നിന്നും, ഉത്തരമലബാറിലെ സ്വകാര്യക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർക്ക് നൽകിവരുന്ന ധനസഹായത്തിൽ നിന്നും ഒരു വിഭാഗം ആചാരസ്ഥാനികരെ മാറ്റിനിർത്തിയതിനെതിരെ തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ ദേവസ്വം ബോർഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടന്നു.

നിലവിൽ മുത്തപ്പൻ മടയൻ ആചാരം വഹിക്കുന്ന ആചാരസ്ഥാനികർക്കും തൊണ്ടച്ചൻ ദേവസ്ഥാനങ്ങളിലെ വെളിച്ചപ്പാടൻ ആചാരസ്ഥാനം വഹിക്കുന്നവർക്കും മറ്റു നിരവധി ആചാരസ്ഥാനികർക്കും മലബാർ ദേവസ്വം ബോർഡിൽ നിന്നും സ്വകാര്യക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർക്ക് നൽകിവരുന്ന ധനസഹായം ലഭിക്കുന്നില്ല. വർഷത്തിൽ എല്ലാ ദിവസങ്ങളിലുമോ ആചാരപരമായ എല്ലാ കർമങ്ങളിലുമൊ ഭാഗമവേണ്ടുന്ന ആചാരസ്ഥാനികർക്ക് ഇക്കാരണം കൊണ്ട് തന്നെ വരുമാനത്തിനായി മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ സാധിക്കാത്ത അവസ്ഥയാണെന്നും അതിനാല്‍ തന്നെ മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്തവരുമാണെന്നും ആയതിനാൽ മലബാർ ദേവസ്വം ബോർഡ് നൽകി വരുന്ന ധനസഹായത്തിൽ നിന്ന് ഇവരോടുള്ള അവഗണന ഒഴിവാക്കി എല്ലാ ആചാരസ്ഥാനികർക്കും ധനസഹായം ലഭ്യമാക്കണമെന്നും ധർണാസമരത്തിൽ ആവശ്യപ്പെട്ടു.

കൂടാതെ നിലവിൽ മലബാർ ദേവസ്വം ബോർഡിൽ നിന്നുള്ള ധനസഹായം ലഭിക്കുന്ന ആചാരസ്ഥാനികരുടെ മരണശേഷം പകരം ആചാരമേൽക്കുന്ന ആചാരസ്ഥാനികർക്ക് പോലും ദേവസ്വം ബോർഡിൽ നിന്നുള്ള ഈ ധനസഹായം ലഭ്യമാകാത്തത് ആചാരസ്ഥാനികർക്കുള്ള ഈ ധനസഹായം ഭാവിയിൽ പൂർണമായും ഇല്ലാതാകുന്നതിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. തൊണ്ടച്ചൻ ദേവസ്ഥാനങ്ങളിലെ വെളിച്ചപ്പാടന്മാർക്കും മുത്തപ്പന്‍റെ മടയൻ ആചാരസ്ഥാനികർക്കും നിലവിൽ ഈ ധനസഹായം ലഭിക്കാത്ത മറ്റു ആചാരസ്ഥാനികർക്കും ഉത്തരമലബാറിലെ സ്വകാര്യക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർക്കുള്ള ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധധർണ. ഇത് സംബന്ധിച്ച് കാസര്‍കോട് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

ധർണാസമരം തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് ചെയർമാൻ മധുസൂദനൻ കെ. ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന, കമ്മിറ്റി കൃഷ്ണൻ വി. തുരുത്തി, ചന്ദ്രൻ കെ. ആർ പാലാർ, ശ്രീജിത്ത്‌ അച്ചാംതുരുത്തി, സതീശൻ കെ. ചാമക്കൊച്ചി, നാരായണൻ കുറ്റിക്കോൽ, സുനിത്ത് പൊഞ്ചാടാൻ മാഹി, സുകേഷ് ടി. വി, സൂരജ് യു. കെ, നാഗേന്ദ്രൻ കാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു. വിനോദൻ വി. വി തുരുത്തി സ്വാഗതം പറഞ്ഞു.

0Shares