വടിവാൾ വീശി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ; പോലീസ് സജീവനെ പിടികൂടിയത് ഇങ്ങനെ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വടിവാൾ വീശി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ; പോലീസ് സജീവനെ പിടികൂടിയത് ഇങ്ങനെ

കൊല്ലം ജില്ലയിലെ ചിതറയിൽ വടിവാൾ വീശി ഭീകരാന്തരീഷം സൃഷ്ടിച്ച സജീവനെ പിടികൂടി പോലീസ്. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. മണിക്കൂറുകളായി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇന്ന് നാല് മണിക്കൂറിലേറെ പൊലീസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് നാട്ടുകാരുടെയും പൊലീസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു. കൈവിലങ്ങണിയിച്ചാണ് വീട്ടിൽ നിന്ന് സജീവനെ പുറത്തിറക്കിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാൾ വീശിയതോടെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാൾ അഴിച്ചുവിട്ടിരുന്നു.

ജനൽചില്ലുകൾ അടക്കം അടിച്ചുതകർത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു. പൊലീസിൻ്റെ പിടിയാലാകുമെന്ന ഘട്ടമെത്തിയതോടെ സജീവൻ വീണ്ടും അക്രമസക്തനാവുകയായിരുന്നു. വടിവാൾ വീശുന്നതിനിടെ നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് സജീവൻ വടിവാൾ വീശി വളർത്തുനായകൾക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവൻ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. പുറത്തിറങ്ങുന്ന സമയത്ത് ഇയാളെ പിടികൂടാൻ വേണ്ടി സമീപമുള്ള വെയ്റ്റിംഗ് ഷെഡിൽ നാല് പൊലീസുകാരെ മഫ്തിയിൽ നിയോഗിച്ചിരുന്നു. എന്നാൽ അയാൾ പുറത്തിറങ്ങിയില്ല. പൊലീസ് വീടിനകത്ത് കയറുമെന്ന ഘട്ടമായപ്പോൾ അമ്മയുടെ കഴുത്തിൽ വടിവാൾ വച്ച് അമ്മയെ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. മണിക്കൂർകൾക്ക് ശേഷം പൊലീസ് ശ്രമം നടത്തിയപ്പോൾ സ്വന്തം കഴുത്തിൽ വടിവാൾവച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചതോടെ പൊലീസ് താത്കാലികമായി പിൻമാറി.

പൊലീസ് എത്തിയതിന് പിന്നാലെ വീടിന്റെ ഷോക്കേസിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു. നാട്ടുകാർ സജീവനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായിരുന്നില്ല. വിവിധ ഇടങ്ങളിൽ തൻ്റെ അച്ഛൻ വാങ്ങിക്കൂട്ടിയ ഭുമിയുടെ പ്രമാണങ്ങൾ അയൽവാസികളായ പലരുടെയും കൈവശമാണുള്ളത്. അവയെല്ലാം തിരികെ കൊണ്ടുവന്ന് അവർ മാപ്പുപറഞ്ഞാൽ മാത്രമെ പുറത്തിറങ്ങുകയുള്ളുവെന്നാണ് സജീവൻ പറഞ്ഞിരുന്നത്. അമ്മയും ഇക്കാര്യത്തിൽ സജീവനൊപ്പമാണ്.

0Shares