യു.ഡി.എഫിൽ മേൽക്കൈ നേടാൻ വെൽഫയർ പാർട്ടി സഖ്യം കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് നടപ്പാക്കി; കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെതിരേ കോൺഗ്രസിലും പൊട്ടിത്തെറി

  • Post category:Kerala
  • Reading time:1 min read
You are currently viewing യു.ഡി.എഫിൽ മേൽക്കൈ നേടാൻ വെൽഫയർ പാർട്ടി സഖ്യം കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് നടപ്പാക്കി; കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെതിരേ കോൺഗ്രസിലും പൊട്ടിത്തെറി

മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദീകരിക്കുന്നതിലുള്ള ആശങ്ക കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കേന്ദ്ര നേതൃത്വവുമായി പങ്കു വെച്ചു. യു.ഡി.എഫിൽ, പ്രത്യേകിച്ച് കോൺഗ്രസിൽ മുഴുവൻ പ്രശ്‌നമാണ് എന്ന് വരുത്തി തീർക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകൾ കാരണമായി എന്നാണ് കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ അറിയിച്ചത്.

നേരത്തേ തന്നെ ഇക്കാര്യം കെ.സി. വേണുഗോപാൽ വഴി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. യു.ഡി.എഫിൽ മേൽക്കൈ നേടാൻ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് നടപ്പാക്കിയ വെൽഫയർ പാർട്ടി സഖ്യം ഈ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു. യു.ഡി.എഫിന്‍റെ മതേതര ഇമേജിനെ തകർക്കാനാണ് ഇതു മൂലം കഴിഞ്ഞത്. ക്രിസ്ത്യൻ മേഖലയിലുണ്ടായ തിരിച്ചടി ഇതിനുദാഹരണമാണ്. കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ പ്രതിരോധിക്കുന്നതിന് പകരം അതിനെ സഹായിക്കുകയാണ് കോൺഗ്രസിലെ ചില നേതാക്കൾ ചെയ്തത്.

കേരള രാഷ്ട്രീയത്തിലേക്കും അതുവഴി യു.ഡി.എഫിന്‍റെ നേതൃത്വത്തിലേക്കും കുഞ്ഞാലിക്കുട്ടി വരുന്നത് ഒരു തരത്തിലും അടുത്ത തെരഞ്ഞെടുപ്പിൽ ഗുണം ചെയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തെ കേരളത്തിൽ നിന്നുള്ള കൂടുതൽ നേതാക്കളും അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളും, അതിനു ശേഷം പ്രധാന വകുപ്പുകളും ചോദിക്കാനുള്ള ദുഷ്ടലാക്കോടു കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ എല്ലാ നീക്കങ്ങളും എന്നാണ് ചെറുപ്പക്കാരായ നേതാക്കൾ മിക്കവരും താരിഖ് അൻവറിനെ അറിയിച്ചത്.

0Shares