
ആരെങ്കിലും ഒരു വസ്തു കാണിച്ച് വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുവാണിതെന്ന് പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കുമോ? ഇത്തരം അവകാശവാദങ്ങൾ കണ്ണടച്ച് വിശ്വസിക്കാതെ ആദ്യം ആ പുരാവസ്തുവിന്‍റെ ആധികാരികത ഉറപ്പിക്കണം. രാജ്യത്ത് പുരാവസ്തുക്കളുടെ ആധികാരികത നിർണയിച്ച് നൽകാനുള്ള അധികാരം കേന്ദ്ര പുരാവസ്തു വകുപ്പിന് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ -എ.എസ്.ഐ) മാത്രമാണ്. പുരാവസ്തു നിർണയ സാക്ഷ്യപത്രമില്ലാതെ ഒരു വസ്തുവും മൂല്യമേറിയ പുരാവസ്തുവാണെന്ന് വിശ്വസിക്കരുതെന്ന് ചുരുക്കം.
സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള ആധികാരിക വിവരങ്ങൾ പരിശോധിക്കാതെ പുരാവസ്തുക്കളുടെ കാര്യങ്ങളിൽ മറ്റുള്ളവരുടെ അവകാശവാദങ്ങൾ മാത്രം അന്ധമായി വിശ്വസിച്ച് ആളുകൾ വഞ്ചിക്കപ്പെടരുതെന്നും സംസ്ഥാന പുരാവസ്തു എഡ്യൂക്കേഷൻ ഓഫീസറും തൃപ്പൂണിത്തുറ ഹിൽ പാലസിന്റെ ചുമതലയുമുള്ള കെ.വി ശ്രീനാഥ് ഒരു ഓണ്ലൈന് മാധ്യമത്തോട് പറഞ്ഞു
100 വർഷമെങ്കിലും പഴക്കമുള്ള വസ്തുക്കൾ മാത്രമേ പുരാവസ്തുവിന്റെ ഗണത്തിലേക്ക് കേന്ദ്രം പുരാവസ്തു വകുപ്പ് പരിഗണിക്കുകയുള്ളു. വസ്തുവിന്‍റെ പ്രത്യേകത, ചരിത്രപരമായ പ്രാധാന്യം തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് ഒരു പുരാവസ്തുവിന് സർട്ടിഫിക്കറ്റേഷൻ അനുവദിക്കുന്നത്.
ഇന്ത്യയെ പോലുള്ള ഒരു പൗരാണിക രാജ്യത്ത് മിക്കവാറും എല്ലാ വീടുകളിലും അമ്പലങ്ങളിലും ഇത്തരം പഴയ വസ്തുക്കളുണ്ടാകും. പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനും അവ കൈവശം വയ്ക്കുന്നതിനും രാജ്യത്ത് നിയമതടസമില്ല. അത്തരമൊരു നിയമം ഏർപ്പെടുത്താനും സാധ്യമല്ല. എന്നാൽ പുരാവസ്തുക്കൾ വാങ്ങാനും വിൽക്കാനും പുരാവസ്തു വകുപ്പിന്‍റെ രജിസ്ട്രേഷനും സർട്ടിഫിക്കറ്റും ആവശ്യമാണ്.

പുരാവസ്തുവിന്‍റെ പേരിൽ കൊച്ചിയിൽ നടന്നത് വഞ്ചനാക്കേസാണ്. വ്യാജമായി പുരാവസ്തുക്കൾ നിർമിച്ച് തട്ടിപ്പ് നടത്തുന്ന വഞ്ചനാക്കേസുകളിൽ പോലീസാണ് നടപടിയെടുക്കേണ്ടത്. പുരാവസ്തുവാണെന്ന് പറഞ്ഞ് നടക്കുന്ന തട്ടിപ്പുകളിൽ പരാതി ലഭിച്ചാലോ ശ്രദ്ധയിൽപ്പെട്ടാലോ പുരാവസ്തുവകുപ്പ് നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിൽപ്പനയ്ക്ക് സർട്ടിഫിക്കറ്റ് വേണം
പണം നൽകി പുരാവസ്തുക്കൾ വിൽക്കുന്നതിന് ഇന്ത്യയിൽ നിയമതടസമില്ല. പുരാവസ്തു വിൽപ്പന നിരോധിച്ചതായി കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകൾ പറയാത്തിടത്തോളം അവയുടെ വിൽപ്പന നടക്കും. എന്നാൽ ഇവ മറ്റൊരാൾക്ക് വിൽക്കണമെങ്കിൽ ആ പുരാവസ്തുവിന് സർട്ടിഫിക്കറ്റ് വേണം. കേന്ദ്ര പുരാവസ്തു വകുപ്പാണ് രജിസ്ട്രേഷൻ നടപടികൾ നടത്തുന്നത്. കൈവശമുള്ള പുരാവസ്തുവിന് സർട്ടിഫിക്കറ്റ് ലഭിക്കാനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ പ്രത്യേക രജിസ്ട്രേഷന് അപേക്ഷിക്കണം. വിൽക്കുന്ന സമയത്ത് പ്രസ്തുത പുരാവസ്തു വാങ്ങുന്ന ആളുടെ പേരിലേക്ക് മാറ്റിനൽകും.
അപേക്ഷ തീർപ്പാക്കുന്നത് പുരാവസ്തു ഗവേഷകർ ഉൾപ്പെട്ട സമിതിയാണ്. തൃശൂരിലെ മേഖലാ ഓഫീസിലാണ് കേരളത്തിലെ മുഴുവൻ പുരാവസ്തു രജിസ്ട്രേഷൻ നടപടികളും നടക്കുന്നത്. നേരത്തെ സംസ്ഥാന പുരാവസ്തു വകുപ്പും ഇതിനുള്ള രജിസ്ട്രേഷൻ നൽകിയിരുന്നു. എന്നാൽ പിന്നീടിത് അവസാനിപ്പിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി സംസ്ഥാനത്തെ പുരാവസ്തു രജിസ്ട്രേഷൻ നടപടികൾ പൂർണമായും കേന്ദ്ര പുരാവസ്തു വകുപ്പിലേക്ക് മാറി.
രജിസ്ട്രേഷൻ നടപടികൾ എളുപ്പം
മോൺസനു പുറമെ സംസ്ഥാനത്ത് പലയിടത്തും സർക്കാർ നിയന്ത്രണത്തിലുള്ളത്തിന് പുറമേ നിരവധി സ്വകാര്യ മ്യൂസിയങ്ങളും പ്രവർത്തിക്കുന്നുണ്ട്. പല വ്യക്തികളും പഴക്കമുള്ളതും അപൂർവമായതുമായ വസ്തുക്കൾ തങ്ങളുടെ കയ്യിലുണ്ടെന്ന് അവകാശപ്പെടാറുമുണ്ട്. പക്ഷേ, ഇതിൽ ഭൂരിഭാഗത്തിനും പുരാവസ്തുവകുപ്പിന്‍റെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.
