
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ മുൻപ് നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ലൈഫ് മിഷനെക്കുറിച്ച് കോൺഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷൻ ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവർക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ ആ പദ്ധതി ത്വരിതഗതിയിൽ മുന്നോട്ടുകൊണ്ടുപോകുകയും വീടില്ലാത്ത ഒരാളും സംസ്ഥാനത്തില്ല എന്ന സ്ഥിതിയിലേയ്ക്ക് എത്തിക്കുകയും ചെയ്യും, മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിലാണ് എം.എം.ഹസൻ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പ്രസ്താവിച്ചത്. അത് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായെന്ന വിലയിരുത്തലിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് മാറ്റി മുല്ലപ്പള്ളി രംഗത്തെത്തിയത്. മുൻപ് എം.എം. ഹസൻ നടത്തിയ പ്രസ്താവന ഒരു നാക്കുപിഴയായിരുന്നെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പറഞ്ഞു.
