
കോണ്‍ഗ്രസിൻ്റെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി ശശി തരൂർ. നേതൃത്വം ഖാർഗയെയാണ് പിന്തുണയ്ക്കുന്നതെന്ന് കരുതുന്ന പ്രവർത്തകർക്കുള്ള മറുപടിയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
2014, 2019 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്. ഖാര്‍ഗെയ്ക്കായി പാര്‍ട്ടിയിലെ നേതാക്കള്‍ രംഗത്തിറങ്ങുന്നതിലുള്ള അതൃപ്തിയും തരൂര്‍ പ്രകടമാക്കി. ഖാര്‍ഗെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും ചില നേതാക്കള്‍ അത്തരത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അത് ന്യായമല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
