
ട്രോളിംഗ് നിരോധനവും പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ ക്ഷാമവും മുതലാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിഷമീൻ ഒഴുക്ക് തുടരുന്നു. ആഴ്‌ചകള്‍ പഴക്കമുള്ള മത്സ്യമാണ് ട്രെയിനുകളിലും ലോറികളിലുമായി സംസ്ഥാനത്തേക്ക് കടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍, മാവേലിക്കര, തോട്ടപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് ക്വിണ്ടല്‍ കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുമ്പ് കേരളത്തിലേക്ക് മൽസ്യം എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ആന്ധ്ര, കര്‍ണാടക, മാഹി, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് വരവ്.

കേരള തീരത്തുള്ളതിൻ്റെ നാലിലൊന്ന് വിലയ്ക്ക് ലഭിക്കുമെന്നതിനാലാണ് ലാഭക്കൊതിയന്മാരായ കച്ചവടക്കാര്‍ അന്യനാട്ടിലെ കമ്മിഷൻ ഏജണ്ടുമാരില്‍ നിന്ന് മീൻ വാങ്ങുന്നത്. വീടുകളിലും ഹോട്ടലുകളിലും ഊണിന് മീൻ വിഭവം ഒഴിച്ചുകൂടാനാകാത്തവരാണ് ഇവരുടെ ഇരകള്‍. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
വിവിധ റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന മത്സ്യം പരിശോധിക്കാൻ റെയില്‍വേയുടെ ഭക്ഷ്യസുരക്ഷാ വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ കയറിയുള്ള പരിശോധനയ്ക്ക് അധികാരമില്ലാത്തതിനാല്‍ മത്സ്യവുമായി വാഹനം പുറത്തെത്തുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.
പിന്നില്‍ മൊത്തവിതരണക്കാര്‍
1.ജില്ലയിലേക്ക് വിഷമീൻ എത്തിക്കുന്നത് മൊത്തവിതരണ ലോബി, 2.പ്രധാന കേന്ദ്രങ്ങള്‍ അമ്പലപ്പുഴ, ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍, 3.റോഡ് മാര്‍ഗമെത്തുന്നതിൻ്റെ രണ്ടിരട്ടി മത്സ്യമാണ് ട്രെയിൻ വഴിയെത്തുന്നത്, 4.ട്രെയിൻ മാര്‍ഗം എത്തുന്നത് നെയ്‌മീൻ, ചൂര, സ്രാവ്, കേരച്ചൂര തുടങ്ങിയവ, 5.ഹോട്ടലുകളിലേക്കാണ് ഇതില്‍ കൂടുതല്‍ മീനും വാങ്ങുന്നത്.
പഴക്കം അറിയേയില്ല
ട്രോളിംഗ് നിരോധന കാലത്ത് ഐസ് ഫാക്‌ടറികള്‍ മിക്കതും അടഞ്ഞു കിടക്കുന്നതിനാല്‍ മത്സ്യം കേടുകൂടാതിരിക്കാൻ മാരക രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതായിട്ടാണ് വിവരം. പഴക്കം തോന്നാതിരിക്കാൻ മത്സ്യത്തിൻ്റെ ശ്വസനാവയവമായ ചെകിളകള്‍ക്ക് കൃത്രിമ നിറം നല്‍കാനും രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. മൃതദേഹം കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്ന ഫോര്‍മാലിൻ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയതാണ്.
