യുവാവിനെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ കൊള്ളയടിച്ചു; ബൈക്കില്‍ കാറിടിച്ചാണ് കവര്‍ച്ചാ ആസൂത്രണം, കുഴല്‍പ്പണ സംശയമെന്ന് പൊലീസ്

You are currently viewing യുവാവിനെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ കൊള്ളയടിച്ചു; ബൈക്കില്‍ കാറിടിച്ചാണ് കവര്‍ച്ചാ ആസൂത്രണം, കുഴല്‍പ്പണ സംശയമെന്ന് പൊലീസ്

കാസര്‍കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ബൈക്കില്‍ ഇന്നോവ കാറിടിച്ചാണ് കവര്‍ച്ചാ ആസൂത്രണം നടത്തിയത്. തിങ്കളാഴ്‌ച രാവിലെ ചളിയംകോട് പാലത്തിന് സമീപം നടന്ന സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബൈക്ക് യാത്രക്കാരനെ കണ്ടെത്തിയത്.

അടുക്കത്ത് ബയൽ സ്വദേശിയായ മജീദിനെയാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പറയുന്നു. ഇത് കുഴല്‍ പണമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

നേരത്തെ ബൈക്കിൻ്റെ ആര്‍.സി ഉടമയായ കുണ്ടംകുഴി സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഈ ബൈക്ക് നേരത്തെ കാസര്‍കോട് സ്വദേശിക്ക് വിറ്റതാണെന്നും ആര്‍.സി മാറ്റിയിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് മജീദിനെ കണ്ടെത്തിയത്.

തട്ടിക്കൊണ്ട് പോയ സംഘം പണം കവര്‍ന്ന ശേഷം മജീദിനെ വഴിയില്‍ ഉപേക്ഷിക്കുക ആയിരുന്നു എന്നാണ് വിവരം. എന്നാല്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കാതെ നേരെ വീട്ടില്‍ എത്തുകയായിരുന്നു എന്നും അന്വേഷിച്ച്‌ ചെന്നപ്പോഴാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയ സംഭവത്തെ കുറിച്ച്‌ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു. ഇയാളില്‍ നിന്ന് വിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഴല്‍ പണം ആയത് കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തട്ടിക്കൊണ്ട് പോയ സംഘത്തിനെ കണ്ടെത്താന്‍ പൊലീസ് വല വിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യുവാവില്‍ നിന്ന് വിശദമായി മൊഴിയെടുത്ത് വരികയാണ്. തട്ടിക്കൊണ്ട് പോയത് ക്വട്ടേഷന്‍ സംഘമാണെന്ന് സൂചനയുണ്ട്.

0Shares