
ഒഡീഷ: സഹോദരനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. നവംബര്‍ മൂന്നിന് കാണ്ഡമാല്‍ ജില്ലയില്‍ ചക്കപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 25 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശനിയാഴ്‌ച പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സഹോദരന് ഭാര്യാ സഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് യുവതി അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഈ ബന്ധം അവസാനിപ്പിക്കണം എന്നും അല്ലെങ്കില്‍ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുമെന്നും സഹോദരി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹോദരിയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു. ഈ സമയം യുവതിയുടെ സഹോദരനും പശുക്കളെ തീറ്റാൻ കാട്ടില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് സഹോദരൻ തൻ്റെ നാല് സുഹൃത്തുക്കളെ കാട്ടിലേക്ക് വിളിച്ചുവരുത്തുകയും മദ്യലഹരിയിൽ ആയിരുന്ന ഇവര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ എതിര്‍ക്കാൻ ശ്രമിച്ച യുവതിയെ കഴുത്ത് ഞെരിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കേസ്.
അതേസമയം നവംബര്‍ ആറിന് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അടുത്ത ദിവസം തന്നെ കാട്ടില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നിലധികം പേര്‍ യുവതിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
