
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡോക്ടറുടെ മരണത്തിന് പിന്നിൽ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് നിർദേശം.
ഡോക്ടറുടെ ആത്മഹത്യയിൽ വിശദ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്. യുവതിയുടെ അമ്മയുടെയും സഹോദരൻ്റെയും മൊഴി രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. വൻ തുക സ്ത്രീധനം ചോദിച്ചതാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരിശോധന.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി ജി വിദ്യാർഥിനി വെഞ്ഞാറമ്മൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്‍റെയും ജമീലയുടെയും മകൾ ഷഹ്ന (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

സുഹൃത്തുമായുള്ള വിവാഹത്തിന് സ്ത്രീധനം തടസമായതിന്‍റെ മനോവിഷമത്തിൽ ഷഹ്ന ജീവൻ വെടിയിഞ്ഞതായിരുന്നു എന്നാണ് പരാതി. വിവാഹത്തിന് സ്ത്രീധനം തടസമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തു.
വിവാഹത്തിന് വരന്‍റെ വീട്ടുകാർ 150 പവനും 15 ഏക്കർ സ്ഥലവും ബി.എം.ഡബ്ല്യു കാറുമാണ് സ്ത്രീധനം ആവശ്യപ്പെട്ടത്. സ്ത്രീധനം നൽകാൻ സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നുവെന്ന ഷഹ്നയുടെ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.
സുഹൃത്തുമൊത്തുള്ള ഷഹ്നയുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ വിവാഹം നടത്തുന്നത് സംബന്ധിച്ച ചർച്ചകളിലേക്ക് എത്തിയപ്പോൾ, യുവാവിന്‍റെ വീട്ടുകാർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു.
