
ലോകോത്തര ഫുട്ബാളിന്റെ വിസ്മയ ലോകത്തേക്ക് ആരാധകരെയും കുട്ടികളെയും മുതിര്‍ന്നവരെയും കൂട്ടിക്കൊണ്ടുപോകുന്ന ‘ഫുട്ലാബ്’ ദുബായില്‍ തുറന്നു.ഫുട്ബാളിനൊപ്പം മറ്റ് വിനോദങ്ങളും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഇന്‍ഡോര്‍ ഫുട്ബാള്‍ വേദിയാണ് ദുബായില്‍ തുറന്നത്.

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പാര്‍ക്കിന്‍റെ പ്രവര്‍ത്തനം സംയോജിപ്പിച്ചിരിക്കുന്നത്. ഫുട്ബാള്‍ ഗ്രൗണ്ടിന് പുറമെ അമ്യൂസ്മെന്റ് പാര്‍ക്കിന് സമാനമായ വിനോദോപാധികളും ഫിറ്റ്നസ് സെന്ററുകളും കുട്ടികളുടെ പരിശീലന കേന്ദ്രങ്ങളുമെല്ലാം അണിനിരക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യൂറോ കപ്പിന്‍റെ ആരവങ്ങളിലേക്ക് ആവേശം വിതറുന്നതിന് ഫുട്ലാബിന്റെ ഉദ്ഘാടനം മുന്‍ പോര്‍ച്ചുഗീസ് താരം റൂയി കോസ്റ്റ നിര്‍വഹിച്ചു.
കോസ്റ്റയുടെ നേതൃത്വത്തിലാണ് ഫുട്ലാബ് തുടങ്ങിയത്. ദുബായ് സ്പോര്‍ട്സ് സിറ്റിയിലെ 2000 ചതുരശ്ര മീറ്ററിലാണ് ഫുട്ലാബ് തുറന്നത്. സ്ട്രീറ്റ് സോക്കര്‍, ഫുട്വോളി, ഫൈവ്സ് ഫുട്ബാള്‍ ഗ്രൗണ്ട്, സ്കില്‍ പരിശീലിക്കാനുള്ള സൗകര്യം എന്നിവ ഇവിടെയുണ്ട്. ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയും ബാക്കി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒരു മണി വരെയും തുറന്നിരിക്കും.
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഫുട്ബാള്‍ സ്കില്‍ പരിശീലനം.പെനാല്‍റ്റിയും ഫ്രീക്കിക്കും ഇങ്ങനെ ഗോള്‍വല ലക്ഷ്യമിട്ട് ഷൂട്ട് ചെയ്യാം. വമ്പന്‍ മൈതാനങ്ങളിലേക്ക് താരങ്ങള്‍ ഇറങ്ങിവരുന്ന ചാമ്പ്യന്‍സ് ടണലും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്നു. ആരവങ്ങള്‍ക്ക് നടുവിലൂടെ ഇറങ്ങിവരുന്ന പ്രതീതി കുട്ടികള്‍ക്കടക്കം വേറിട്ട അനുഭവമാകും. കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ഒരുമിച്ച് കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും.
തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഫുട്ലാബിന് ഏറ്റവും അനുയോജ്യമായ വേദിയാണ് ദുബായ് എന്ന് റൂയി കോസ്റ്റ പറഞ്ഞു. ഫുട്ബാള്‍ എന്‍റെ ജീവിതമാണ്. ഫുട്ബാളിനോടുള്ള എന്‍റെ സ്നേഹം പങ്കിടാന്‍ കഴിയുന്ന ഏറ്റവും മികച്ച നഗരമാണ് ദുബായ്. എല്ലാ പ്രായത്തിലുമുള്ള ഫുട്ബാള്‍ താരങ്ങളെ വളര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രഫഷനല്‍ ആകാതെ ഫുട്ബാളിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് ഫുട്ലാബിന്റെ പ്രത്യേകത.
