
മറ്റ് മേഖലകളിലെ പോലെ പരിസ്ഥിതി സംരക്ഷണത്തിലും ജപ്പാൻ വലിയൊരു ചുവടുവയ്പ് നടത്തുകയാണെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ ശാസ്ത്രജ്ഞർ അടുത്ത വർഷം വിക്ഷേപിക്കാൻ പോകുന്നത് തടി കൊണ്ട് നിർമ്മിച്ച ഉപഗ്രഹമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . ലോകത്ത് ഇത്തരമൊരു പരീക്ഷണം ഇതാദ്യമാണ്. ജപ്പാനിൽ ധാരാളം മരങ്ങൾ ഉണ്ട്, അതിനാൽ ഇപ്പോൾ ബഹുനില കെട്ടിടങ്ങൾ, കാറുകൾ എന്നിവ പോലും നിർമ്മിക്കുന്നത് തടി കൊണ്ടാണ്.
പൂർണമായും പരിസ്ഥിതി സൗഹൃദമായിരിക്കും ഈ തടി ഉപഗ്രഹം. ഇതിൻ്റെ നിർമ്മാണച്ചെലവും കുറവായിരിക്കും. ഓപ്പറേഷൻ പൂർത്തിയായ ശേഷം, ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. മരം കൊണ്ട് നിർമ്മിച്ചതിനാൽ അത് പൂർണ്ണമായും കത്തി നശിക്കുകയും ചെയ്യും. ഇത് ബഹിരാകാശ മാലിന്യങ്ങളുടെ അളവും കുറയ്ക്കും. മുമ്പ്, ടോക്കിയോയിൽ മരം കൊണ്ട് അംബര ചുംബിയായ ഒരു കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതി സുമോമിറ്റോ അവതരിപ്പിച്ചിരുന്നു.
മരംകൊണ്ട് നിർമ്മിച്ച ഉയരമുള്ള കെട്ടിടങ്ങൾ വഴി പരിസ്ഥിതി സൗഹൃദ നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സുമോമിറ്റോയുടെ സുകുബ ലാബാണ് 70 നിലകളുള്ള കെട്ടിടം രൂപകൽപന ചെയ്തത്. സ്റ്റീൽ കോമ്പോസിറ്റ് കൊണ്ട് നിർമ്മിച്ച ഈ കെട്ടിടത്തിലെ നിർമ്മാണ സാമഗ്രികളുടെ 90% മരമായിരിക്കും. ഏകദേശം 44,000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ജപ്പാനിൽ ഭൂകമ്പങ്ങളും ചുഴലിക്കാറ്റുകളും പതിവായി ഉണ്ടാകാറുണ്ട്. അതിനാൽ ഈ ഘടന ട്യൂബുലാർ ആയിരിക്കും.

ആർക്കിടെക്ചർ നിക്കൻ സെക്കൈയാണ് ഇതിൻ്റെ ഡിസൈൻ ഒരുക്കുന്നത് . ടോക്കിയോ ഒളിമ്പിക്‌സിനായി ന്യൂ നാഷണൽ സ്റ്റേഡിയം നിർമ്മിക്കാനും രണ്ടായിരം ക്യുബിക് മീറ്റർ മരം ഉപയോഗിച്ചു.ജപ്പാനിൽ 25 ദശലക്ഷം ഹെക്ടറിൽ വനങ്ങൾ വ്യാപിച്ചുകിടക്കുന്നു. രാജ്യത്തിൻ്റെ 70% ഭൂമിയിലും വനമാണെന്ന് പറയാം. ഇത് ലോകത്തിലെ ശരാശരി വനവിസ്തൃതിയുടെ (29%) ഇരട്ടിയിലധികം വരും.അതുകൊണ്ടാണ് ജാപ്പനീസ് സർക്കാർ പരമാവധി മരം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.
തടിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നിയമവും കൊണ്ടുവന്നു. മൂന്ന് നിലകൾക്കും അതിന് മുകളിലുമുള്ള എല്ലാ കെട്ടിടങ്ങളിലും പരമാവധി തടി ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്.തടി കൊണ്ടുള്ള കാറിൻ്റെ വിജയകരമായ പരീക്ഷണ ഓട്ടത്തിന് പുറമേ, പല പ്രധാന പദ്ധതികളിലും മരം ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ വാഹന വ്യവസായം മരം കൊണ്ട് പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയാണ്. കഴിഞ്ഞ ഡിസംബറിൽ ടൊയോട്ട മോട്ടോകോർപ്പ് തടിയിലുള്ള കൊറോള കാറിൻ്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
