
രാജ്യത്ത് മൊബൈൽ ഫോൺ, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ് സ്റ്റീൽ എന്നിവയുടെ വില കുറയും.വജ്രം, രത്നം എന്നിവയുടെയും വില കുറയും. ഇമിറ്റേഷൻ ആഭരണങ്ങൾ, സോഡിയം സയനൈഡ്, കുടകൾ എന്നിവയ്ക്കു വില കൂടും.

ഇറക്കുമതി ചെയ്യുന്ന നിർമാണ വസ്തുക്കൾക്കും വില വർധിക്കും. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പറഞ്ഞു. പ്രതിരോധ ബജറ്റിൻ്റെ 68 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. ജി.എസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കിൽ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ആശങ്ക. ബജറ്റിൽ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്ട്രേഷനിൽ സംസ്ഥാന സർക്കാരിന് എതിർപ്പുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും സംസ്ഥാന വിഷയമാണെന്ന് ധനമന്ത്രി കെ .എൻ ബാലഗോപാൽ പറഞ്ഞു. കാർഷിക മേഖലയ്ക്കായുള്ള സഹായം കുറഞ്ഞുവെന്നും ബാലഗോപാൽ കുറ്റപ്പെടുത്തുന്നു. വാക്സിന് മാറ്റി വച്ച തുകയും കുറവാണെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോൾ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്സീൻ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റർ ഡോസ് അടക്കം നൽകാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്സീൻ ബജറ്റ് വിഹിതം കുറച്ചതെന്നാണ് പരാതി. പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റിൽ കാണാനില്ലെന്നാണ് ആക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
