കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്ന് വയ്ക്കാൻ നിർദേശമുണ്ടായിരുന്നു; മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകിയതോ?

  • Post category:news
  • Reading time:1 min read
You are currently viewing കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്ന് വയ്ക്കാൻ നിർദേശമുണ്ടായിരുന്നു;  മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകിയതോ?

കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്നുവയ്ക്കണമെന്ന് ജനറൽ ബിപിൻ റാവത്തിനു നിർദേശമുണ്ടായിരുന്നതായി സൂചന. രാവിലെ 10നും 10.30നും രണ്ടു തവണ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും റോഡ് മാർഗം വെല്ലിങ്ടണിലേക്ക് പോകുന്നതിനുള്ള സന്നാഹങ്ങളും ഒരുക്കിയിരുന്നതായി സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ യാത്രയുമായി മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകുകയായിരുന്നോ എന്നു വ്യക്തമല്ല. കോയമ്പത്തൂരിൽനിന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.

ഊട്ടി കൂനൂരിന് അടുത്ത് കാട്ടേരി ഹോട്ടികൾചർ പാർക്കിനു സമീപം നഞ്ചപ്പസത്രത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിൻ്റെ മരണം സംഭവിച്ചത്. ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മുതിർന്ന അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അപകട സ്ഥലത്ത് നിന്ന് എടുത്തപ്പോൾ അദ്ദേഹം സ്വന്തം പേര് പറഞ്ഞിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വൈ. എസ് രാജശേഖര റെഡ്ഡിയും 2009 സെപ്തംബർ രണ്ടിന് സമാനമായ ഹെലികോപ്റ്റർ ദുരന്തത്തിലാണ് കൊല്ലപ്പെട്ടത്. ചിറ്റൂരിലെ ഗ്രാമങ്ങളിൽ സന്ദർശനത്തിനുള്ള യാത്രയ്ക്കിടെ വനപ്രദേശത്തുവച്ചായിരുന്നു ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്നുവയ്ക്കാൻ അദ്ദേഹത്തിനും അന്ന് നിർദേശം നൽകിയെങ്കിലും യാത്രയുമായി മുന്നോട്ടു പോകാൻ വൈ. എസ്. ആർ തീരുമാനിക്കുകയായിരുന്നു.

0Shares