
കറാച്ചി: ലഷ്‌കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായിയും ഭീകരനുമായ ഖൈസര്‍ ഫാറൂഖിനെ (30) അജ്ഞാതര്‍ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ വച്ചാണ് കൊന്നത്. ഇയാള്‍ വെടിയേറ്റ് വീഴുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ശനിയാഴ്‌ചയായിരുന്നു സംഭവം. കറാച്ചിയിലെ തെരുവിലൂടെ നടക്കുന്നതിനിടെ ഖൈസറിന് പിന്നില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു.
ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഖൈസര്‍. ഹാഫിസ് സയീദിൻ്റെ മകനും ഭീകരനുമായ കമാലുദ്ദീൻ സയീദിനെ കാണാനില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെയാണ് ഖൈസറിൻ്റെ മരണവാര്‍ത്തയും പുറത്തുവന്നത്. 2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരില്‍ ഒരാളാണ് ജമാഅത്ത് ഉദ്ദവയുടെ തലവൻ കൂടിയായ ഹാഫിസ് സയീദ്.
സെപ്തംബര്‍ 26ന് കാണാതായ കമാലുദ്ദീന് വേണ്ടി പാക് ചാരസംഘടനയായ ഐ.എസ്.ഐ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പെഷവാറില്‍ വച്ച് കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയെന്ന് പ്രചരിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഹാഫിസ് സയീദ് നിലവില്‍ പാക് ജയിലിലാണ്.
