
ഇടതുമുന്നണിയുടെ ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്നും സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നാണം കെട്ടതിൻ്റെ ക്ഷീണം തീര്‍ക്കാനാണ് ഇടതുപക്ഷം ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ അത് തിരിച്ചും പ്രതീക്ഷിക്കാം. സുപ്രീം കോടതിക്കെതിരെയാണോ സമരം എന്നുകൂടി വ്യക്തമാക്കണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും.’ സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍എസ്എസുകാരനായി മുദ്രകുത്തിയതെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെല്ലാം ആര്‍എസ്എസാണെന്ന് സി.പി.എം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിൻ്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
