
സൂപ്പർ ഹിറ്റ് തമിഴ് ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു. തമിഴ് പി.ആർ.ഓ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. തൃഷ–വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം നിർവഹിച്ച ചിത്രം വൻ വിജയം നേടിയിരുന്നു.

1996 ബാച്ചിലെ സ്കൂൾ സഹപാഠികൾ 22 വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നതാണ് സിനിമയുടെ കഥ. സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. സ്‌കൂൾ കാലത്ത് നിഷ്കളങ്കമായി നിശബ്ദമായി അന്യോന്യം പ്രണയിച്ചവരാണ് രാമചന്ദ്രനും ജാനകിയും. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. കാലങ്ങൾ കഴിഞ്ഞ് രാമചന്ദ്രൻ ട്രാവൽ ഫൊട്ടോഗ്രഫറായി.
പഴയ നഷ്ടപ്രണയത്തിൻ്റെ ഓർമകളിൽ ജീവിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വീണ്ടും നല്ല ഓർമ്മകൾ സമ്മാനിക്കുകയാണ് സുഹൃത്തുക്കളുടെ സമാഗമം. 22 വർഷങ്ങൾക്കുശേഷം ജാനകിയും രാമചന്ദ്രനും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.
