
തൻ്റെ കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തതായി പരാതി നൽകിയ പേരൂർക്കടയിലെ അനുപമ ചന്ദ്രന് പിന്തുണയുമായി വടകര എം.എൽ.എ കെ.കെ. രമ. ഈ അമ്മയുടെ നിലവിളി കേൾക്കാനല്ലെങ്കിൽ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങളെന്ന് അവർ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. വനിതകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പി.ആർ പണിയിൽ തീരുമോ സർക്കാരിൻ്റെയും അതാത് വകുപ്പുകളുടെയും ഉത്തരവാദിത്തമെന്നും രമ കുറ്റപ്പെടുത്തി.
‘മനഃസാക്ഷിയുള്ളവർക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നിൽക്കാനാവില്ല. അനുപമ ചന്ദ്രൻ എന്ന യുവതിയുടെ കുഞ്ഞിനെ പിറന്ന ഉടനെ അമ്മയിൽ വേർപെടുത്തിയത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കൾ തന്നെയാണെന്ന് ആ യുവതി മാധ്യമങ്ങൾക്ക് മുന്നിൽ നിലവിളിച്ച് പറയുന്നത്. വ്യാജ രേഖകൾ ചമച്ച് ശിശുക്ഷേമ സമിതിക്ക് കൈമാറി എന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിയുന്നത്. സ്വന്തം കുഞ്ഞുങ്ങളെ ഇത്തരമൊരു സംവിധാനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് മാതൃ-ശിശു സൗഹൃദപരമായ ഏറെ വ്യവസ്ഥകളാണ് നമ്മുടെ നിയമങ്ങളിലുള്ളത്,’ കെ.കെ. രമ പറഞ്ഞു.
ഏതോ ഒരു രഹസ്യ കേന്ദ്രത്തിൽ വച്ച് ഏതോ നോട്ടറി വക്കീൽ എഴുതിയുണ്ടാക്കി എന്ന് അനുപമയുടെ അച്ഛൻ അവകാശപ്പെടുന്ന വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ സ്ഥാപനമുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് സമഗ്ര അന്വേഷണം നടക്കണമെന്നും അവർ പറഞ്ഞു. അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടൻ തിരിച്ചു കിട്ടണമെന്നും ബലം പ്രയോഗിച്ച്, വ്യാജ രേഖ ചമച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടുനിന്ന സകല ഔദ്യോഗിക സംവിധാനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും രമ ആവശ്യപ്പെട്ടു.

‘മുഖ്യമന്ത്രി മുതൽ ഈ നാട്ടിലെ എല്ലാ നീതിനിർവ്വഹണ സംവിധാനങ്ങളുടെയും വാതിലിൽ ഈ അമ്മ മുട്ടിയിട്ടും അവയൊന്നും കണ്ണു തുറക്കാതായതിന് ഒറ്റക്കാരണമേയുളളൂ. സി.പി.ഐ.എം നേതാവായ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനം. സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരത്തെ പ്രധാന നേതാവുമായിരുന്ന പേരൂർക്കട സദാശിവൻ്റെ മകനും നിലവിൽ ഏരിയാ കമ്മിറ്റിയംഗവുമാണ് ജയചന്ദ്രൻ. ഇത്രയും നിയമ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തികൾക്ക് അദ്ദേഹം ചാനൽ ചർച്ചയിൽ നിരത്തുന്ന സാദാചാര വാദങ്ങളും കുടുംബത്തിൻ്റെ മാനം സംരക്ഷിക്കാനെന്ന ന്യായവും അത്യന്തം ഭയാനകമാണ്,’ കെ.കെ.രമ കൂട്ടിച്ചേർത്തു.
ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തൻ്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണമാണ് അനുപമയെന്ന 22 കാരി ഉന്നയിക്കുന്നത്. പേരൂർക്കട പൊലീസിലും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടും കുഞ്ഞിനെക്കണ്ടെത്താൻ സഹായിക്കുന്നില്ല. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തൻ്റെ കുഞ്ഞെന്ന് രക്ഷിതാക്കൾ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി പറയുന്നു. പേരൂർക്കടയിലെ പ്രാദേശിക സി.പി.ഐ.എം നേതാവ് ജയചന്ദ്രൻ്റെ മകളാണ് അനുപമ.
