‘ഞങ്ങള്‍ നേരത്തേ തന്നെ നോമ്പിലാണ്…’ -ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും പറയുന്നു

You are currently viewing ‘ഞങ്ങള്‍ നേരത്തേ തന്നെ നോമ്പിലാണ്…’ -ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും പറയുന്നു

ഗസ്സ: ഫലസ്‌തീനിലെ ഗസ്സയില്‍ ഇത്തവണത്തെ റമദാൻ നോമ്പ് അത്രമേല്‍ പ്രയാസമുള്ളതാവില്ല. കാരണം പട്ടിണി അവർക്ക് ഒരു ശീലമായിരിക്കുന്നു. വിശപ്പ് അവരുടെ സന്തത സഹചാരിയായി മാറിയിട്ട് മാസങ്ങളായി. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങള്‍ വിശന്നു മരിച്ചു വീഴുമ്പോള്‍, പകല്‍ നേരത്തെ വ്രതമെടുക്കല്‍ അവർക്ക് ഒട്ടും പ്രയാസമുള്ളതാവില്ല.

‘ഭക്ഷണമില്ല, വെള്ളമില്ല, മരുന്ന് പോലുമില്ല… ഞങ്ങള്‍ റമദാനിന് മുമ്പ് തന്നെ നോമ്പുകാരാണ്’ – ഇസ്രായേലിൻ്റെ നരനായാട്ടില്‍ തകർന്ന ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും പറയുന്നു. ‘ഈ വർഷത്തെ റമദാനില്‍ ഞങ്ങളുടെ ഒരോ കുടുംബത്തിലും ഒരു രക്തസാക്ഷിയോ പരിക്കേറ്റവരോ ഉണ്ട്” -വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പില്‍ കഴിയുന്ന റദ്‌വാൻ അബ്ദുല്‍ ഹയ്യ് എ.എഫ്‌.പി വാർത്താ ഏജൻസിയോട് പറഞ്ഞു.

സഹായ ഏജൻസിയില്‍ നിന്ന് ലഭിച്ച ലളിതമായ ഭക്ഷണം വിളമ്പിയാണ് തെക്കൻ ഗസ്സയിലെ റൻദ ബക്കർ ആദ്യ നോമ്പനുഷ്ടിച്ചത്. “ഈ വർഷത്തെ റമദാൻ ഞങ്ങള്‍ക്ക് വേദനയാണ്. പ്രിയപ്പെട്ടവർ കൂടെയില്ല. നിരവധി പേർ പട്ടിണിയിലാണ്’- അവർ എ.എഫ്‌.പിയോട് പറഞ്ഞു. “തീൻമേശയില്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കേണ്ട ഉറ്റവരും ഉടയവരും ഇന്നില്ല’ -റൻദ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. ഗസ്സ സിറ്റിയിലെ ഇവരുടെയും അയല്‍വാസിയുടെയും വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാ ആക്രമണത്തില്‍ ഭർത്താവടക്കം 31 പേരാണ് കൊല്ലപ്പെട്ടത്.

അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി. 72,889 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 72 ഫലസ്‌തീനികള്‍ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പോഷക ആഹാരക്കുറവും നിർജലീകരണവും മൂലം മരിച്ചവരുടെ എണ്ണം 27 ആയതായും മന്ത്രാലയം അറിയിച്ചു.

0Shares