
സ്‌കൂളില്‍ വെച്ച് വംശീയമായി അധിക്ഷേപിച്ച സഹപാഠിയുടെ മൂക്കിടിച്ച് തകര്‍ത്തിട്ടുണ്ടെന്ന് യു.എസിന്‍റെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. അമേരിക്കന്‍ ഗാനരചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായുള്ള സ്‌പോട്ടിഫൈ പോഡ്കാസ്റ്റിലാണ് ഒബാമ ബാല്യകാലത്തുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞത്. ‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു.

ഞങ്ങള്‍ ഒരുമിച്ച് ബാസ്‌കറ്റ് ബോള്‍ കളിക്കാറുണ്ടായിരുന്നു. ഒരുദിവസം എന്നെ അധിക്ഷേപിക്കുന്ന ഒരു വാക്ക് വിളിച്ചു. ആ വാക്കിന്‍റെ അര്‍ത്ഥമൊന്നും എനിക്കറിയല്ലായിരുന്നു. എന്നാല്‍ അങ്ങനെ വിളിച്ചാല്‍ എനിക്ക് വേദനിക്കുമെന്ന് അവനറിയാമായിരുന്നു.
ഞാനവന്‍റെ മൂക്ക് ഇടിച്ച് തകര്‍ത്തു.’ ഒബാമ പറഞ്ഞു. ഒരിക്കലും തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞതായും ഒബാമ കൂട്ടിച്ചേര്‍ത്തു. അപരനേക്കാള്‍ മികച്ചവനാണ് താനെന്ന തോന്നല്‍ ഒരാള്‍ക്കുണ്ടാകുമ്പോഴാണ് വംശീയ അധിക്ഷേപം സംഭവിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി.’
