കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹം; പരിഗണന നല്‍കണം; കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച് ജി. സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹം; പരിഗണന നല്‍കണം; കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക്  കത്തയച്ച് ജി. സുധാകരൻ

കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്നും കേരളത്തിന് അർഹമായ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി. സുധാകരൻ കത്തയച്ചു.

2021-22 ലെ കേന്ദ്ര ബജറ്റിൽ കേരളം ആവശ്യപ്പെട്ട സെമി ഹൈസ്‌പീഡ് റെയിൽ കോറിഡേർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അനുമതിയും വിഹിതവും അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും കത്തിൽ പറയുന്നു.

കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണ് തിരുവനന്തപുരം കാസര്‍കോട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ. വിശദമായ പദ്ധതി റിപ്പോർട്ടും അലൈൻമെന്റും സംസ്ഥാന സർക്കാർ അംഗീകരിച്ച് കേന്ദ്ര സർക്കാരിന്‍റെ അന്തിമ അനുമതിയ്ക്കായി 2020 ൽ സമർപ്പിച്ചിട്ടുള്ളതാണ്. നാഷണൽ റെയിൽ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 2021- 22 പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി അനുമതിയും വിഹിതവും അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

1500 കോടി രൂപ ചെലവ് വരുന്ന അമ്പലപ്പുഴ – എറണാകുളം പാത ഇരട്ടിപ്പിക്കലിനും, ഗുരുവായൂർ – തിരുനാവായ പാത ഇരട്ടിപ്പിക്കലിനും ആവശ്യമായ തുക അനുവദിച്ചിട്ടില്ല. കേരളത്തിന്‍റെ റെയിൽ അടിസ്ഥാന വികസനത്തിന് ഏറെ പ്രയോജനപ്രദമാകുന്ന എറണാകുളം – ഷൊർണൂർ മൂന്നാം പാതയ്ക്ക് തുക അനുവദിയ്ക്കാത്തത് സംസ്ഥാനത്തോടുള്ള അവഗണനയുടെ തെളിവാണ്. തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, നേമം കോച്ചിംഗ് ടെർമിനൽ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വികസനം എന്നിവയ്ക്ക് യാതൊരു പരിഗണനയും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

സംസ്ഥാനത്തെ അടിസ്ഥാന റെയിൽ വികസനത്തിന് തുക അനുവദിക്കാത്ത നിഷേധാത്മകമായ ഈ സമീപനം പ്രതിഷേധാർഹമാണെന്നും അവഗണന അവസാനിപ്പിച്ച് കേരളത്തിന്‍റെ റെയിൽ വികസനത്തിനാവശ്യമായ വിഹിതം അനുവദിക്കണമെന്നും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കുള്ള കത്തിൽ മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു.

0Shares