കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; സി.പി മൊയ്‌തീൻ്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമെന്ന്‌ സൂചന

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; സി.പി മൊയ്‌തീൻ്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമെന്ന്‌ സൂചന

കണ്ണൂര്‍: ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. സി.പി.ഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ണ്ടർ സി.പി മൊയ്‌തീൻ്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് പ്രദേശത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി പോലീസും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മണ്ണൂരാംപറമ്പില്‍ ബിജുവിൻ്റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്‌ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.

കുടുംബാംഗങ്ങളില്‍ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കളിതട്ടുംപാറയിൽ എത്തിയത് സി.പി മൊയ്‌തീന്‍റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമല്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന കാര്യവും പോലീസ് സ്ഥീരികരിച്ചു.

പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘത്തിന് വേണ്ടി വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കളിതട്ടുംപാറ. നേരത്തെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിലും ആറളത്തെ വിയറ്റ്നാം കോളനിയിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ജിഷയും മൊയ്‌തീനും അടങ്ങിയ സംഘമായിരുന്നു ആറളത്തെത്തിയത് എന്നാണ് നിഗമനം.

0Shares