സുഭിക്ഷ കേരളം പദ്ധതി; കൃഷിയിറക്കാന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയത് 725 ഏക്കര്‍ സ്ഥലം

  • Post category:news
  • Reading time:1 min read
You are currently viewing സുഭിക്ഷ കേരളം പദ്ധതി; കൃഷിയിറക്കാന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയത് 725 ഏക്കര്‍ സ്ഥലം

കാസര്‍കോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിയിറക്കുന്നത് 725 ഏക്കര്‍ പ്രദേശത്ത്. വിവിധ പഞ്ചായത്തുകളില്‍ നിന്നുമായി 97 ഹെക്ടര്‍ സ്ഥലം തരിശ് രഹിത പച്ചക്കറികൃഷിക്കും 93 ഹെക്ടര്‍ സ്ഥലം കര നെല്‍ കൃഷിക്കും 250 ഏക്കര്‍ സ്ഥലം പച്ചക്കറി കൃഷിക്കുമായാണ് കണ്ടെത്തിയിരിക്കുന്നത്. സഹകരണ ബാങ്കുകള്‍, നബാര്‍ഡ് എന്നിവയുടെ സാഹായത്തോടെ നടത്തുന്ന പദ്ധതിയില്‍ കുടുംബശ്രീ, തൊഴിലുറപ്പ്, സ്വയം സഹായസംഘങ്ങള്‍, പ്രവാസികള്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെ പങ്കാളികളാക്കും.

ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് അഗ്രോ സര്‍വ്വീസ് സെന്ററിന്‍റെ സഹായവും ലഭിക്കുമെന്നും കൃഷി, ഡയറി, വ്യവസായം, തൊഴിലുറപ്പ് തുടങ്ങി അഞ്ചോളം വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കൃഷി സ്ഥലങ്ങള്‍ ഹെക്ടര്‍ കണക്കില്‍ വേര്‍തിരിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍നിന്നുമുള്ള പ്രസിഡന്റുമാര്‍, സക്രട്ടറിമാര്‍, കൃഷി ഓഫീസര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ബ്ലോക്ക് ലെവല്‍ ഡയറി, വ്യവസായം, കൃഷി ഉദ്യോഗസ്തര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, എന്‍.ആര്‍.ഇ.ജി ഉദ്യോഗതസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെയ് 25 നകം പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലങ്ങളെ വിവരിച്ചുകൊണ്ടുള്ള ആപ്പ് തയ്യാറാകും. 27 ന് വിവിധ പഞ്ചായത്തുകള്‍ പദ്ധതി നടത്തിപ്പിന്‍റെ സാധ്യതകള്‍ വിവരിക്കും. പച്ചക്കറി കൃഷി, നെല്‍കൃഷി, മുട്ട, ഇറച്ചി തുടങ്ങിയവയ്ക്ക് അനുയോജ്യമായ പ്രദേശങ്ങളെക്കുറിച്ച് വിശദമായ അവതരണം നടക്കും. തുടര്‍ന്ന് 29 ന് വീണ്ടും ബ്ലോക്ക് തല യോഗം ചേര്‍ന്ന് ക്രോഡീകരിച്ച് പദ്ധതി അംഗീകരിക്കും.

0Shares