
വഴിയില്‍ നിന്ന് വീണുകിട്ടിയതെന്ന് പറഞ്ഞ് നല്‍കിയ മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യുവാവിൻ്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞുമോൻ്റെ ബന്ധു സുധീഷ് ആണ് അറസ്റ്റിലായത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞുമോൻ മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി മദ്യക്കുപ്പിയില്‍ ഒഴിച്ചാണ് സുധീഷ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നില്‍ നിന്നും വീണു കിട്ടിയ മദ്യം എന്ന് പറഞ്ഞ് സുധീഷ് നല്‍കിയ മദ്യം കഴിച്ചായിരുന്നു അനില്‍ കുമാര്‍ , കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും.

അവശനിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനില്‍ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന കുഞ്ഞുമോന് കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു.
