
കൊച്ചി: പ്ലാസ്റ്റിക് കവര്‍ നിരോധനം ഹെെക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന് പ്ലാസ്റ്റിക് കവര്‍ നിരോധിക്കാനുള്ള അധികാരമില്ലെന്ന് ഹെെക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. 60 ജി.എസ്.എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി കടകളില്‍ സാധനങ്ങള്‍ നല്‍കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന 60 ജി.എസ്.എമ്മില്‍ താഴെയുള്ള കവറുകളുടെ നിരോധനം എടുത്തുകളഞ്ഞ കോടതി, ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി. നിയമപരമായി നിലനില്‍ക്കാത്ത നിരോധനമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ടാണ് റദ്ദാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടര്‍ തിരുമേനിയും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചാണ് ജസ്റ്റിസ് നഗരേഷിൻ്റെ ഉത്തരവ്.
