
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറഞ്ഞത്.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാരിൻ്റെ പ്രധാനപ്പെട്ട ആരോപണം.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം തൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും മുമ്പ് പലതവണ കോടതി തള്ളിയതുമാണെന്ന് ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചു.
