
വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. താൻ വയനാട്ടിൽ പോയില്ലെന്നത് ആരോപണമല്ല വസ്‌തുതയാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാനും കാര്യങ്ങൾ ചെയ്യാനും വയനാട്ടിലേക്ക് നേരിട്ട് പോകേണ്ടതില്ല.
ജനക്കൂട്ടത്തോടല്ല ഉത്തരവാദിത്ത പെട്ടവരോടാണ് സംസാരിക്കേണ്ടതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ. പ്രതിഷേധങ്ങൾ സ്വാഭാവികം, എന്നാൽ ഇത് അക്രമാസക്തമാകുന്നത് പ്രശ്‌നങ്ങൾ സങ്കീർണമാക്കുമെന്നും വനം മന്ത്രി പറഞ്ഞു.
വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലത്. പ്രശ്‌നങ്ങൾ സങ്കീർണമാക്കാൻ ചില വാട്‍സ് ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ കൂടുതൽ അന്വേഷണം വേണം. ഓരോ മണിക്കൂറിലും വയനാട്ടിലെ കാര്യങ്ങൾ വിലയിരുത്തും.

ജനം അക്രമാസക്‌തം ആയിരിക്കുമ്പോൾ പ്രശ്‌ന പരിഹാരമുണ്ടാവില്ല. തന്നെ തടയാൻ പാടില്ല എന്ന നിലപാട് താൻ എടുക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, കുറുവ ദ്വീപിലെ താല്‍ക്കാലിക ഫോറസ്റ്റ് വാച്ചറായ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പുല്‍പ്പള്ളിയില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.
പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയുന്ന 100 പേർക്കെതിരെയാണ് കേസ്. വനംവകുപ്പ് വാഹനം ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പുൽപ്പള്ളി പോലീസിൻ്റെ നടപടി. വനം വകുപ്പിൻ്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞതിനുമടക്കം കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
