വനം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതം; വനസംരക്ഷണo സമൂഹത്തിൻ്റെ കടമ : പി. വി മിനി

  • Post category:local news
  • Reading time:1 min read
You are currently viewing വനം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതം; വനസംരക്ഷണo സമൂഹത്തിൻ്റെ കടമ : പി. വി മിനി

ബോവിക്കാനം/ കാസർകോട്: വന സംരക്ഷണം സമൂഹത്തിലെ ഓരോരുത്തരുടേയും കടമയാണെന്ന് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. വി മിനി അഭിപ്രായപ്പെട്ടു. അരിയിൽ വനസംരക്ഷണ സമിതി, ഹരിതകർമ്മസേന, മുളിയാർ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള വനം വന്യജീവി വകുപ്പ് വനസംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കാട്ടുതീ പ്രതിരോധവും ഖരമാലിന്യ ശേഖരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വനം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വനത്തിനകത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർ അത് ഭാവി തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയാണ്. മുളിയാർ പഞ്ചായത്തിനകത്തെ വനം വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമിയിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ പോലീസിന്റേയും വനം വകുപ്പ് അധികൃതരുടെ സഹകരണത്തോടെ കർശന നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി വളപ്പാറ പ്രദേശത്തെ വനത്തിനകത്തെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ അരിയിൽ വനസംരക്ഷണ സമിതിയുടെയും ഹരിത കർമ്മസേനയുടെയും നാട്ടുകാരുടേയും ആർ. ആർ. ടി അംഗങ്ങളുടേയും സഹകരണത്തോടെ ശേഖരിച്ചു. ചടങ്ങിൽ അരിയിൽ വനസംരക്ഷണ സമിതി പ്രസിഡന്റ് പി. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സി. നാരായണിക്കുട്ടി, കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ. വി സത്യൻ, ഹരിത കർമ്മസേന ലീഡർ ഇ. പ്രസീത, കെ. ദിനേശൻ, സുകുമാരൻ നായർ, കുഞ്ഞമ്പു നായർ എന്നിവർ സംസാരിച്ചു. അരിയിൽ വനസംരക്ഷണ സമിതി സെക്രട്ടറി കെ. ജയകുമാർ സ്വാഗതവും ട്രഷറർ കെ. നാരായണൻ നായർ നന്ദിയും പറഞ്ഞു.

0Shares