
ഫോർമുല വൺ കാറോട്ട മത്സരത്തിന്‍റെ മുൻ മേധാവിയും ബ്രിട്ടീഷ് വ്യവസായപ്രമുഖനുമായ ബെർണി എക്ലസ്റ്റോൺ വീണ്ടും അച്ഛനായി, അതും 89-ാം വയസിൽ. എക്ലസ്റ്റോണിന്റെ 44-കാരിയായ ഭാര്യ ഫാബിയാന ഫ്ളോസി ആൺകുട്ടിക്ക് ജന്മം നൽകിയതായി അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. എയ്സ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

എക്ലസ്റ്റോണിന്‍റെ മൂന്നാം ഭാര്യയാണ് ഫാബിയാന. ഇവി ബാംഫോർഡ്, സ്ലാവിസ റാഡിച്ച് എന്നീ മുൻ ഭാര്യമാരിലായി എക്ലസ്റ്റോണിന് മൂന്നു മക്കളുണ്ട്. ഇതിൽ ഇവി ബാംഫോർഡിൽ ജനിച്ച മൂത്തയാളായ ഡെബോറയ്ക്ക് 65 വയസുണ്ട്. ഇദ്ദേഹത്തിന്‍റെ ആദ്യ ആൺകുഞ്ഞാണ് എയ്സ്.
ടമാര, പെട്ര എന്നിവരാണ് ഇദ്ദേഹത്തിന്‍റെ മറ്റ് പെൺമക്കൾ. അഞ്ചു കൊച്ചുമക്കളും ഇദ്ദേഹത്തിനുണ്ട്. 1958-ൽ കാർ ഡ്രൈവറായാണ് എക്ലസ്റ്റോൺ ഫോർമുല വൺ ടൂർണമെന്റിലെത്തുന്നത്. അവിടെ ശോഭിക്കാനായില്ല. പിന്നീട് ഒരു ടീമിന്‍റെ ഉടമയായി. 2017-ൽ ഫോർമുല വൺ ഗ്രൂപ്പിന്‍റെ ചീഫ് എക്സിക്യുട്ടീവ് ആയി. 40 വർഷക്കാലത്തോളം ഫോർമുല വൺ മേധാവിയായിരുന്നു ഇദ്ദേഹം.
