
സീതാംഗോളി (കാസർകോട്): ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് ഉറുമി ഊജംപദവ് സ്വദേശിയായ പ്രവാസി ജബ്ബാർ ഉറുമി ( 51) ( അബ്ദുൽ ജബ്ബാർ ) അബുദാബിയിൽ മരണപെട്ടു. അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. കെ.എം.സി.സി നേതാവ് അയ്യൂബ് ഉറുമിയുടെ സഹോദരനാണ്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടുമണിയോടെയാണ് മരണ വാർത്ത നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തിവരവെയാണ് പെട്ടന്നുള്ള മരണം സംഭവിച്ചിരിക്കുന്നത്. മരണവാർത്ത പ്രവാസികൾക്കിടയിലും നാട്ടുകാരിലും കുടുംബത്തിലും വലിയ ഞെട്ടലാണുണ്ടാക്കിയത്.

രണ്ടുവർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. പരേതരായ കെ.എം മൊയ്തുവിൻ്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: റാഹില, മക്കൾ: ജുബൈർ, ജാബിറ, ഫാത്തിമ, സഹോദരങ്ങൾ: കെ.എം അയ്യൂബ് (ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്) കെ.എം ശരീഫ് (അബുദാബി കെ.എം.സി.സി ഷിഫാഹു റഹ്‌മ കോ-ഓർഡിനേറ്റർ), കെ.എം മുജീബ് റഹ്മാൻ (വ്യാപാരി സീതാംഗോളി) താഹിറ, പരേതയായ റാഹില. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണെന്ന് കുടുംബം അറിയിച്ചു.
