ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കണം; ഇസ്രായേലിനെ പ്രേരിപ്പിക്കുന്നുണ്ട്: പെൻ്റെഗണ്‍ മേധാവി

  • Post category:international / news
  • Reading time:2 mins read
You are currently viewing ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കണം; ഇസ്രായേലിനെ പ്രേരിപ്പിക്കുന്നുണ്ട്: പെൻ്റെഗണ്‍ മേധാവി

വാഷിങ്ടണ്‍: ഗസ്സയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച്‌ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലണ്ടുമായി ദിവസേനയുള്ള ചര്‍ച്ചകളില്‍ താൻ ഊന്നിപ്പറയാറുണ്ടെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും പെൻ്റെഗണ്‍ മേധാവിയുമായ ലോയ്‌ഡ്‌ ഓസ്റ്റിൻ.

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ ആയിരുന്നു ഈ മറുപടി.

അതേസമയം, ഗസ്സയില്‍ കൊല്ലപ്പെട്ട 15000 പേരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 6000ലേറെ കുട്ടികള്‍ മാത്രം കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. ഈ യാഥാര്‍ഥ്യത്തെ മറച്ചുവെച്ചു കൊണ്ടാണ് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങള്‍ നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് പെൻ്റെഗണ്‍ അവകാശപ്പെടുന്നത്.

‘വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാൻ ഇസ്രായേല്‍, ഈജിപ്ത്, ഖത്തര്‍ എന്നിവരുമായി ചേര്‍ന്ന് ഞങ്ങള്‍ തുടര്‍ന്നും ശ്രമം നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് ഹമാസാണ് ഉത്തരവാദി’ -ലോയ്‌ഡ്‌ ഓസ്റ്റിൻ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, വെടിനിര്‍ത്തല്‍ നീട്ടാനുള്ള എല്ലാ ശ്രമങ്ങളെയും ഇസ്രായേല്‍ തുരങ്കം വെക്കുന്നതായി ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഉസാമ ഹംദാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടാൻ മധ്യസ്ഥര്‍ നിര്‍ദേശിച്ച എല്ലാ വ്യവസ്ഥകളും ഞങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇസ്രായേല്‍ നിരസിച്ചു. താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കിയ ഏഴ് ദിവസവും മുഴുവൻ സന്ധി സാധ്യതകളെയും ഇല്ലാതാക്കുന്ന തരത്തിലാണ് ഇസ്രായേല്‍ പ്രവര്‍ത്തിച്ചത്” -ഹംദാൻ അല്‍ ജസീറയോട് പറഞ്ഞു.

ഗസ്സയില്‍ അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേല്‍ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ‘ഫലസ്തീൻ ജനതക്കെതിരെ തുടക്കം മുതല്‍ അമേരിക്ക നയിച്ച യുദ്ധമായിരുന്നു ഇത്. അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചത്. ഗസ്സ ആക്രമണത്തില്‍ അമേരിക്ക ഒരു പങ്കാളി മാത്രമല്ല, ആസൂത്രകൻ കൂടിയാണെന്നാണ് സംഭവങ്ങളുടെ ഗതിയും അമേരിക്കൻ നിലപാടുകളും സൂചിപ്പിക്കുന്നത്” -ഹിസ്ബുല്ല എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാൻ അലി ദാമുഷ് പറഞ്ഞു.

അമേരിക്കൻ ഗസര്‍ക്കാറിൻ്റെ തുടര്‍ച്ചയായ പിന്തുണയിലാണ് ഇസ്രായേല്‍ ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല തുടങ്ങിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനിയും പറഞ്ഞു. ഗസ്സയില്‍ വ്യോമാക്രമണവും കൂട്ടക്കൊലയും പുനരാരംഭിച്ചതിൻ്റെ രാഷ്ട്രീയവും നിയമപരവുമായ ഉത്തരവാദിത്തം ഇസ്രായേലിനും യു.എസിനുമാണെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

0Shares