
തൃശൂര്‍: ചരിത്ര പ്രസിദ്ധമായ പുലികളുടെ പെരുങ്കളിയാട്ടം, കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. ഓണാഘോഷത്തിന് സമാപനം കുറിച്ചുള്ള പുലിക്കളി വെള്ളിയാഴ്‌ച തൃശൂരിൽ അരങ്ങേറി. ഇത്തവണ അഞ്ച് സംഘങ്ങളാണ് പുലികളെ ഇറക്കിയത്. സ്വരാജ് റൗണ്ടിൽ പുലിയാരവം മുഴങ്ങുമ്പോൾ ആളും ആരവവും അന്തരീക്ഷത്തിൽ മുഖരിതമായി.
സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നിവയാണ് ടീമുകൾ. ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണമെന്നായിരുന്നു മാനദണ്ഡം. അഞ്ച് സംഘങ്ങളിലും 51 വീതം പുലികളുണ്ട്. സീതാറാം, കാനാട്ടുകര, അയ്യന്തോൾ സംഘങ്ങൾ എം.ജി റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിച്ചു.

ശക്തൻ ടീം എം.ഒ റോഡ് വഴിയും വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തു നിന്നുമാണ് റൗണ്ടിൽ കയറിയത്. സമകാലിക സാമൂഹ്യ യാഥാർഥ്യങ്ങളും പുരാണ കഥാസന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും കാണികളെ വിസ്മയിപ്പിച്ചു. വന്യതാളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വെച്ചതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി നിവർന്നു.
നഗരത്തെ വിറപ്പിക്കാൻ മടകളിൽ പുലികൾ രാവിലെ മുതൽ തയ്യാറെടുത്തിരുന്നു. പുലി വീരന്മാർ, പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി വരുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി.
