15 വര്‍ഷം മുമ്പത്തെ കേസ്; ഹജ്ജിനെത്തിയ മലയാളിക്ക് വിനയായി, നാടുകടത്തല്‍ കേന്ദ്രത്തില്‍ ഹാജരാകേണ്ടി വരും

  • Post category:Gulf / news
  • Reading time:1 min read
You are currently viewing 15 വര്‍ഷം മുമ്പത്തെ കേസ്; ഹജ്ജിനെത്തിയ മലയാളിക്ക് വിനയായി, നാടുകടത്തല്‍ കേന്ദ്രത്തില്‍ ഹാജരാകേണ്ടി വരും

ദമ്മാം: ഒന്നര പതിറ്റാണ്ട് മുമ്പത്തെ ഒരു കേസ് ഹജ്ജിനെത്തിയ മലയാളി തീര്‍ഥാടകൻ്റെ മടക്കയാത്ര മുടക്കി. എട്ടുവര്‍ഷം മുമ്പ് സൗദിയില്‍ നിന്ന് ജോലി മതിയാക്കി മടങ്ങിയ മലപ്പുറം ജില്ലക്കാരനായ ഇദ്ദേഹം ഹജ്ജിനെത്തി കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച്‌ നാട്ടിലേക്ക് തിരിക്കാൻ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് 15 വര്‍ഷം മുമ്പുള്ള കേസില്‍ കുടുങ്ങിയത്.

കുടുംബത്തോടൊപ്പമാണ് ഹജ്ജ് ചെയ്യാൻ സൗദിയിലെത്തിയത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ നൂറോളം പേരുടെ സംഘത്തിലാണ് ഇദ്ദേഹവും കുടുംബാംഗങ്ങളും വന്നത്. ഭാര്യയും സഹോദര ഭാര്യയും മറ്റു ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്. ഇങ്ങോട്ട് വരുേമ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായില്ല. ദിവസങ്ങള്‍ക്കു മുമ്പ് തിരിച്ചുപോകാൻ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്ര ചെയ്യാനാകില്ലെന്നും സൗദി ജവാസാത്തുമായി (പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്) ബന്ധപ്പെടണമെന്നും നിര്‍ദേശം ലഭിച്ചത്.

അതോടെ, ഭാര്യയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ട് ഇദ്ദേഹം ദമ്മാമിലേക്ക്. 30 വര്‍ഷം ദമ്മാം ടൊയോട്ടയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. എട്ടുവര്‍ഷം മുമ്പ് ജോലി മതിയാക്കി മടങ്ങി. എക്‌സിറ്റിൽ പോകുന്നതിനും ആറേഴ് വര്‍ഷം മുമ്പ് ഒരു സിറിയൻ പൗരനുമായുണ്ടായ ചെറിയ വഴക്ക് മാത്രമാണ് ഇദ്ദേഹത്തിെൻ്റെ ഓര്‍മയിലുള്ളത്.

അന്ന് അതിൻ്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പോകണ്ടി വന്നിരുന്നെങ്കിലും വഴക്കിട്ട ആളുമായി അപ്പോള്‍ തന്നെ രമ്യതയിലായി തിരിച്ചുപോരുകയും ചെയ്‌തിരുന്നു. അതിനുശേഷം പലതവണ നാട്ടില്‍ പോയി മടങ്ങി വരികയും ചെയ്‌തതാണ്.

പഴയ കേസിൻ്റെ പേരില്‍ അന്ന് പൊലീസ് കൊണ്ടു പോകുമ്പോള്‍ മദ്യക്കടത്തിന് പിടിച്ച ഒരു നേപ്പാളി പൗരൻ ആ പൊലീസ് വണ്ടിയിലുണ്ടായിരുന്നത് നേരിയ ഓര്‍മയുണ്ട്. പൊലീസുകാര്‍ അബദ്ധത്തില്‍ ആ കേസില്‍ ഇദ്ദേഹത്തിൻ്റെ പേരും എഴുതി ചേര്‍ത്തതാണെന്നാണ് നിഗമനം. നാടുകടത്തല്‍ കേന്ദ്രത്തില്‍ ഹാജരാക്കി 80 അടിശിക്ഷ ഏറ്റുവാങ്ങിയാല്‍ തടവ് ഒഴിവാക്കി നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

0Shares