
കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാവില്ലെന്ന് താരസംഘടനയായ അമ്മ. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. എടുത്തുചാടി ഒരു നടപടിയെടുക്കാനില്ല. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഇന്ന് നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അമ്മ ഭാരവാഹികള്‍. വിജയ് ബാബുവിനെതിരെ തല്‍ക്കാലം നടപടിയില്ല. കോടതി തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും കോടതിവിധി എല്ലാവരും കാത്തിരിക്കുകയാണ്. കൊച്ചിയിലെ ഒരുപാട് ക്ലബുകളില്‍ അദ്ദേഹം അം?ഗമാണ്. അവിടെ എവിടെ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല.

അമ്മയും അതുപോലൊരു ക്ലബ് ആണ്. കോടതി നിര്‍ദേശമനുസരിച്ച് അമ്മ പ്രവര്‍ത്തിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനു പിന്നാലെ ദിലീപിനെ പുറത്താക്കിയ നടപടി തെറ്റായിരുന്നു എന്ന് സിദ്ധിഖ് പ്രതികരിച്ചു. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് . കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. അന്ന് ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനവും തെറ്റായിരുന്നു. തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് വിജയ് ബാബുവിനെ പുറത്താക്കാത്തതെന്നും സിദ്ധിഖ് വ്യക്തമാക്കി.
