
കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ വഞ്ചിച്ചവർ, രാഷ്ട്രപിതാവിനെ വധിച്ചവരാണു കേന്ദ്രത്തിൽ. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈ കടത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി സംഘടിപ്പിച്ച റാലിയിലായിരുന്നു പിണറായി വിജയൻ കേന്ദ്രത്തിനെതിരെ വിമർശനം നടത്തിയത്.
‘‘നമ്മുടെ ഭാഷ നമ്മുടെ സ്വത്വമാണ്. പകരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. അതു രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കും. ബി.ജെ.പി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്താനാണു സർക്കാർ നീക്കം.

ഇന്ത്യ ജനാധിപത്യ മതേതരത്വ രാജ്യമാണ്. രാജ്യത്തെ വഞ്ചിച്ചവർ, രാഷ്ട്രപിതാവിനെ വധിച്ചവരാണു കേന്ദ്രത്തിൽ. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈ കടത്താൻ ശ്രമിക്കുന്നു. ഭിന്നിപ്പിക്കാനുള്ള വർഗീയ അജണ്ടകൾക്കെതിരെ ജനം ഒരുമിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഖമ്മം നഗരത്തിലാണു സമ്മേളനം നടക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
