
മക്ക: ചരത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമായി. മക്കയിലെവിടെയും തൂവെള്ള വസ്ത്രധാരികളായ തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തവണ ഏകദേശം 25 ലക്ഷത്തിലേറെ തീർത്ഥാടകർ ഹജ്ജ് കർമ്മം നിർവഹിക്കുമെന്നാണ് വിവരം. കഅബയെ പ്രദക്ഷിണം ചെയ്യുന്ന ത്വവാഫോടെ സൗദി അറേബ്യയിലെ മക്കയിൽ ഹജ്ജ് കർമ്മങ്ങൾക്ക് ഞായറാഴ്‌ച തുടക്കമായി.
“ഈ വർഷം, ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കും,” സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

2020 മുതൽ നിലവിലുള്ള കൊറോണ വൈറസ് മഹാമാരിയുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും ഇളവ് ചെയ്തതിനാൽ 25 ലക്ഷത്തിലധികം മുസ്ലീങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് രൂക്ഷമായ 2000ൽ വെറും പതിനായിരം തീർത്ഥാടകരെയാണ് ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചത്. 2021ൽ 59,000 പേർ ഹജ്ജ് നിർവ്വഹിച്ചു. കഴിഞ്ഞ വർഷം പത്തു ലക്ഷത്തോളം പേർ ഹജ്ജ് നിർവഹിച്ചു.
“ഞാൻ എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്,” ഹജ്ജ് നിർവഹിക്കുന്നതിന് ആവശ്യമായ പണം 20 വർഷമായി സ്വരൂപിച്ച 65കാരനായ ഈജിപ്ത് സ്വദേശി അബ്ദുലാസിം, എ.എഫ്,പി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഞായറാഴ്‌ച വൈകുന്നേരത്തോടെ, തീർത്ഥാടകർ മക്കയിലെ അൽ- മസ്ജിദ് അൽ- ഹറാമിൽ നിന്നോ ഗ്രാൻഡ് മോസ്‌കിൽ നിന്നോ ഏകദേശം എട്ട് കിലോമീറ്റർ (5 മൈൽ) അകലെയുള്ള മിനയിലേക്ക് പോയി, അവർ മുഹമ്മദ് നബി തൻ്റെ ദാനധർമ്മം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന അറഫാത്ത് പർവതത്തിൽ ഒത്തുചേർന്നു.

തീർഥാടകർക്കായി മിനയിൽ ആവശ്യമായ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്, ഭക്ഷണസാധനങ്ങൾ ഉൾപ്പടെ എത്തിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജിന് കനത്ത ചൂട് ഒരു വെല്ലുവിളിയാണ്, ഏതാണ്ട് 45 ഡിഗ്രി സെൽഷ്യസ് ചൂടാണ് മക്കയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
32,000ലധികം ആരോഗ്യ പ്രവർത്തകരും ആയിരക്കണക്കിന് ആംബുലൻസുകളും സൂര്യാഘാതം, നിർജ്ജലീകരണം, ക്ഷീണം തുടങ്ങി തീർത്ഥാടകരുടെ എന്തുതരം ആരോഗ്യ പ്രശ്നങ്ങളെയും നേരിടാൻ സജ്ജമാണെന്ന് സൗദി അധികൃതർ അറിയിച്ചു. ഈ വർഷം, ജൂൺ 26നും ജൂലൈ ഒന്നിനും ഇടയിലാണ് ഹജ്ജ് നടക്കുന്നത്, ജൂൺ 28ന് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കും.
ചെലവേറിയ ഒരു ചടങ്ങാണെങ്കിലും, ഹജ്ജ് യാത്ര പലർക്കും ജന്മസാഫല്യമാണ് നൽകുന്നതാണ്. മിക്കവരും വർഷങ്ങളോളം ചെറിയ തുക സ്വരുക്കൂട്ടിയാണ് ഹജ്ജിന് വരുന്നത്.
തീർഥാടകരുടെ നാല് സംഘങ്ങളാണ് കഴിഞ്ഞയാഴ്‌ച ഗാസയിൽ നിന്ന് പുറപ്പെട്ടത്. അതിനിടെ, വടക്കുപടിഞ്ഞാറൻ സിറിയയിൽ നിന്നുള്ള തീർഥാടകർ തുർക്കി അതിർത്തി കടന്നെത്തി. തീർത്ഥാടനത്തിനായി 2016ന് ശേഷം ഇതാദ്യമായി സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനത്തിലാണ് യെമനിൽ നിന്നുള്ളവർ എത്തുന്നത്.
