
കണ്ണൂര്‍: വധശ്രമക്കേസിലെ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പൊലീസ് സംഘത്തിന് നേരെ വെടിവെച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് സംഘം പ്രതി റോഷൻ്റെ പിതാവിനെ സാഹസികമായി കീഴ്‌പ്പെടുത്തി. കണ്ണൂർ ചിറക്കലില്‍ ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍ തോമസ് (71) ആണ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല.
ചിറക്കല്‍ ചിറ പൂരക്കടവിന് സമീപത്തെ വീട്ടില്‍ രാത്രി 10 മണിയോടെയാണ് സംഭവം. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 6 പൊലീസുകാരാണ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. വളപട്ടണം പൊലീസിന് നേരേയാണ് വെടിവെച്ചത്. ജനലഴികള്‍ക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് എ.സി.പി. ടി.കെ രത്‌നകുമാറിൻ്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ബലപ്രയോഗത്തിലൂടെ റോഷൻ്റെ അച്ഛനെ റിവോള്‍വര്‍ സഹിതം അറസ്റ്റ് ചെയ്തത്.
ഒട്ടേറെ കേസുകളില്‍ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനാണ് വെള്ളിയാഴ്‌ച രാത്രി വളപട്ടണം പൊലീസ് സംഘം വീട്ടിലെത്തിയത്. ഇരുനില വീടിൻ്റെ മുകളിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പൊലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ തൊട്ടടുത്ത മുറിയുടെ ജനാല വഴി പ്രതിയുടെ പിതാവ് ബാബു ഉമ്മന്‍ തോമസ് വെടിവെക്കുകയായിരുന്നു.

കഷ്ടിച്ച് രക്ഷപ്പെട്ട പൊലീസ് സംഘം ബാബുവിനെ തന്ത്രപരമായി മുറിക്ക് പുറത്തിറക്കി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി തോക്ക് കൈവശപ്പെടുത്തി. തുടര്‍ന്ന് ഇയാളെ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്‌തു.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍, അസിസ്റ്റണ്ട് കമ്മീഷണര്‍ ടി.കെ രത്‌നകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തി ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്. ഇയാളുടെ തോക്കിന് ലൈസന്‍സുണ്ടെന്നാണ് പ്രാഥമിക നിഗമനം.
സംഭമറിഞ്ഞ് നിരവധി പേര്‍ വീടുനുസമീപം തടിച്ചുകൂടി. ചുറ്റുമതിലും ഇരുമ്പുഗേറ്റുമുള്ള വീട്ടില്‍ പട്ടികളെയും വളര്‍ത്തുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.
