മാസ്ക്ക് ധരിക്കാത്തതിന് പിഴയടക്കാൻ സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി; ചോദ്യം ചെയ്യലിൽ പീഡനക്കേസ് പ്രതി കുടുങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing മാസ്ക്ക് ധരിക്കാത്തതിന് പിഴയടക്കാൻ സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി; ചോദ്യം ചെയ്യലിൽ പീഡനക്കേസ് പ്രതി കുടുങ്ങി

കോവളം: പത്തും ഏഴും വയസ്സുളള കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയായ പുതുവൽ പുത്തൻവീട്ടിൽ മഹേഷിനെ(29)യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. മാസ്ക് ധരിക്കാത്തതിനു പിഴയടയ്ക്കാൻ സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പോലീസ് സ്റ്റേഷൻ വളപ്പിനു പുറത്തുള്ള റോഡിലാണ് നിന്നിരുന്നത്.

ഈ സമയത്ത് സ്റ്റേഷനിലേക്കു വരികയായിരുന്ന സി.പി.ഒ. രാജീവ്, മുഖാവരണം ധരിച്ചു നിൽക്കുന്ന മഹേഷിനെ കണ്ടു. തുടർന്ന് സ്റ്റേഷനിലെത്തിയശേഷം എസ്.ഐ. ബിപിൻ പ്രകാശിനോട് പുറത്തുനിൽക്കുന്ന ആളിനെക്കുറിച്ചുള്ള സംശയം പങ്കുവെച്ചു. ഒളിവിൽപോയ പ്രതിയുടെ ഫോട്ടോയുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയതോടെ സ്റ്റേഷിലേക്ക് എത്തിച്ച് ചോദ്യംചെയ്തു.

പീഡനക്കേസിൽ തന്നെ പോലീസ് അന്വേഷിക്കാത്തതിനാൽ കേസില്ലെന്നാണ് വിചാരിച്ചതെന്നുംഅതുകൊണ്ടാണ് സ്റ്റേഷനിൽ കൂട്ടുകാരനൊപ്പമെത്തിയതെന്നും ഇയാൾ ചോദ്യംചെയ്യലിൽ പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

2019-ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികൾ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവിൽപ്പോയി. പറണ്ടോട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞതിനുശേഷം തിരുവല്ലം ഭാഗത്ത് എത്തുകയായിരുന്നു.

0Shares