
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് ശശി തരൂര്‍. സാധാരണ പ്രവര്‍ത്തകരിലും യുവാക്കളിലുമാണ് തൻ്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. പി.സി.സി പ്രസിഡന്റുമാര്‍ പരസ്യപിന്തുണ പ്രഖ്യാപിക്കരുതെന്ന നിര്‍ദേശം സുധാകരന്‍ അതറിഞ്ഞിട്ടുണ്ടാവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ സുധാകരനെ നേരില്‍ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവ് തെളിയിച്ച ഖര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹത്തെപ്പോലുള്ള നേതാവിൻ്റെ അനുഭവസമ്പത്തും സംഘാടകശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു.
